X

സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത്

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി എ സി മൊയ്തീൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം ഒക്ടോബർ 16-ന് രാവിലെ തേക്കിൻകാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടി ദീപശിഖ കുന്നംകുളത്ത് എത്തും.

16 ന് രജിസ്ട്രേഷൻ ആരംഭിക്കും. 17 ന് രാവിലെ 7 മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും. അന്നേ ദിവസം രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ.എസ്. പതാക ഉയർത്തും. വൈകീട്ട് 3.30 ന് കുട്ടികളുടെ മാർച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും.രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, കേരള കലാമണ്ഡലം ഭരണസമിതി അംഗം ടി കെ വാസു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ആർ സുപ്രിയ, കൈറ്റ് സിഇഒ അൻവർ സാദത്ത്, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, തുടങ്ങിയവർ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത്ലാൽ, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷബീർ, വാർഡ് കൗൺസിലർ ബിജു സി ബേബി തുടങ്ങിയവർ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നന്ദിയും പറയും. ഉദ്ഘാടനത്തിനു ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

സമാപന സമ്മേളനം ഒക്ടോബർ 20 ന് വൈകുന്നേരം 4 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു അധ്യക്ഷയാകും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 6 കാറ്റഗറികളിലായി 3000 ത്തിൽപ്പരം മത്സരാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ മേളയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങൾ നടത്തുക. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ.

webdesk15: