X

സ്‌കോളര്‍ഷിപ്പ് അനുപാതം; കോടതിയില്‍ സര്‍ക്കാര്‍ വാദം കാര്യമായി അവതരിപ്പിക്കാതെ സമുദായത്തെ വഞ്ചിച്ചു-പിഎം സാദിഖലി

പിഎം സാദിഖലി

മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങളെ കുറിച്ചുള്ള പഠനമാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് നിയോഗിച്ച ഈ സമിതിയുടെ റിപ്പോര്‍ട്ട് സ്വതന്ത്ര ഇന്ത്യയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ മഹാന്യൂനപക്ഷ സമൂഹത്തെ കുറിച്ച് നടന്ന ആദ്യത്തെ പഠനമാണ്.

മുസ്ലിംകളെ കുറിച്ചുള്ള സമിതിയുടെ ഭീതിജനകമായ കണ്ടെത്തലുകള്‍ക്ക് മുമ്പില്‍ നിഷ്‌ക്രിയമായിരിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയുമായിരുന്നില്ല.
മുസ്ലിംലീഗിന് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ വലിയ അലയൊലികളുണ്ടാക്കുകയും യു പി എ സര്‍ക്കാരിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഇതിലെ രാഷ്ട്രീയം മനസ്സിലാക്കി ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ അന്ന് കേരളം ഭരിച്ചിരുന്ന ഇടത് സര്‍ക്കാര്‍ തട്ടിക്കൂട്ടി തരപ്പെടുത്തിയെടുത്തതാണ് പാലോളി കമ്മീഷന്‍.
തൊട്ടടുത്തുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി ശരവേഗത്തില്‍ പടച്ചുണ്ടാക്കിയ ആ റിപ്പോര്‍ട്ട് അത് കൊണ്ട് തന്നെ കാര്യ തല സ്പര്‍ശിയായിരുന്നില്ല.
മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലമില്ലാത്തതിനാലും മുസ്ലിംകളെ അപ്പാടെ പിന്നോക്കമായി പ്രഖ്യാപിക്കാത്തതിനാലും (സച്ചാര്‍ സമിതി കണ്ടെത്തിയതിനു ശേഷവും) മുസ്ലിം പുരോഗതി പലപ്പോഴും നിയമക്കുരുക്കുകളില്‍ കുടുങ്ങി. മറുഭാഗത്ത് വര്‍ഗീയ ധ്രുവീകരണത്തിനുളള ഇന്ധനമായി പലരും അതിനെ ഉപയോഗിക്കുകയും ചെയ്തു.

ഫലത്തില്‍ മുസ്ലിംങ്ങള്‍ക്ക് വേണ്ടിയുള്ള സച്ചാര്‍ സമിതിയുടെ പേരിലുണ്ടാക്കിയ പാലോളി കമ്മിറ്റി പ്രകാരം കേരളത്തില്‍ ഒരു ന്യൂനപക്ഷ വകുപ്പും അതിനു കീഴിലുള്ള കുറച്ചു സ്‌കോളര്‍ഷിപ്പുകളിലുമായി നടപടികള്‍ ഒതുങ്ങി.
2011 ജനുവരിയില്‍ വകുപ്പ് രൂപീകരിച്ചതിനു ശേഷം അത് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരില്‍ രണ്ട് പേരും ഇടത് മന്ത്രിമാരാണ്. പാലോളി മുഹമ്മദ് കുട്ടിയും ഡോ. കെ ടി ജലീലും. അഞ്ച് വര്‍ഷം മാത്രമാണ് മുസ്ലിം ലീഗ് വകുപ്പ് കൈകാര്യം ചെയ്തത്.
എന്നാല്‍ ന്യൂനപക്ഷ വകുപ്പില്‍ തുല്യമായി വീതം വെക്കേണ്ട വിഹിതം മുസ്ലിം ലീഗിന്റെ സംഘടിത ശക്തി ഉപയോഗിച്ച് മുസ്ലിംകള്‍ അന്യായമായി കവരുകയാണെന്ന ആസൂത്രിത പ്രചാരണം ഈ തെരഞ്ഞെടുപ്പ് വേളയില്‍ ബോധപൂര്‍വ്വം ചിലര്‍ അഴിച്ചു വിട്ടു.
മദ്രസ്സാ അദ്ധ്യാപകര്‍ക്ക് ന്യൂനപക്ഷ വകുപ്പില്‍ നിന്ന് 7580 കോടി രൂപ ശമ്പള പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നുവെന്ന കല്ലുവെച്ച നുണ വകുപ്പ് മന്ത്രിയുടെ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കി വ്യാജമായി പ്രചരിപ്പിച്ചപ്പോള്‍ മന്ത്രി മൗനം പാലിച്ചു.
ക്രിസ്ത്യാനികളെ മുസ്ലിംകള്‍ക്കെതിരാക്കി ചോര കുടിക്കുന്ന മുട്ടനാടിന്റെ സ്വഭാവം ആര്‍ എസ് എസ് പയറ്റിയപ്പോള്‍ അതിന്റെ ഒപ്പം നിന്ന് പുരോഗമന ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനവും വിളവ് കൊയ്യുന്നതാണ് കേരളം കണ്ടത്.
ന്യൂനപക്ഷ വകുപ്പില്‍ നിന്നും മുസ്ലിംകള്‍ അനര്‍ഹമായത് നേടുന്നുവെന്നത് പൊള്ളയായ ആരോപണമാണെങ്കിലും വകുപ്പ് സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രിയോട് ‘അതങ്ങിനെയെങ്കില്‍ മുമ്പ് കൂടുതല്‍ കാലവും വകുപ്പ് കൈകാര്യം ചെയ്ത രണ്ടു ഇടതു മന്ത്രിമാരല്ലേ യഥാര്‍ത്ഥ വര്‍ഗീയ വാദികളാവുക’ എന്ന് ആരും ചോദിച്ചില്ല !
ഏറ്റവും ഒടുവില്‍
വകുപ്പിന് കീഴില്‍ നാമമാത്രമായി ഉണ്ടായിരുന്ന സ്‌കോളര്‍ഷിപ്പ് അനുപാതവും ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്നു.
കോടതിയില്‍ സര്‍ക്കാര്‍ ഭാഗം കാര്യമായി അവതരിപ്പിക്കാതെ ഇടത് സര്‍ക്കാര്‍ ഒരു പാവം സമുദായത്തെ കരുവാക്കി സമര്‍ത്ഥമായ രാഷ്ട്രീയ മുതലെടുപ്പ് നാടകങ്ങള്‍ കളിക്കുകയും മുസ്ലിം സമുദായത്തെ വഞ്ചിക്കുന്നത് തുടരുകയും ചെയ്യുന്നു.
പിന്നോക്ക വിഭാഗങ്ങള്‍ക്കാണ് പുരോഗതിക്ക് ആവശ്യമായ കൈതാങ്ങ് വേണ്ടത്. അത് ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകരുത്. മുസ്ലിംകള്‍ പിന്നോക്കമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കതിനര്‍ഹതയുണ്ട്. ഇടത് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മിറ്റി കൃസ്ത്യന്‍ വിഭാഗത്തില്‍ പിന്നോക്കാവസ്ഥ കണ്ടെത്തിയാല്‍ അവര്‍ക്കും അതിനര്‍ഹതയുണ്ട്. അത് മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അന്യായമായി കവരുന്നതിനാകരുത് എന്നു മാത്രം.
നിലവിലെ കൃസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കാവസ്ഥ കണക്കിലെടുത്താകണം ലത്തീന്‍ കാത്തലിക്‌സിനും പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്കും ജനസംഖ്യാനുപതികമായി ന്യൂനപക്ഷ വകുപ്പിനു കീഴില്‍ സ്‌കോളര്‍ഷിപ്പ് വിഹിതം 20% മാക്കിയത്. അതില്‍ സന്തോഷമേയുള്ളൂ. സച്ചാര്‍ സമിതി പ്രകാരമുള്ള നടപടിയില്‍ 80% / 20% അനുപാതം ഒരു മഹാ പാതകവും കൊള്ളയുമായി അവതരിപ്പിക്കുന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമായതിനാല്‍ അത് വെറുതെ കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് ആരും ധരിക്കരുത്.
മുസ്ലിം സമുദായം അനര്‍ഹമായി എന്തെങ്കിലും നേടിയിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടാല്‍ അത് ആര്‍ക്ക് മുമ്പിലും അടിയറ വെക്കാന്‍ സമുദായം ഒരുക്കമാണ്.
എന്നാല്‍ അര്‍ഹമായത് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അത് തരിമ്പ് പോലും ബാക്കി വെക്കാതെ നേടിയെടുത്തിട്ടേ ഈ സമുദായം അടങ്ങുകയുള്ളൂ.
ചരിത്രമതാണ്.
അതിനാണ് മുസ്ലിം ലീഗ് !
തെറ്റിദ്ധാരണ പരത്തി പുകമറ സൃഷ്ടിക്കുന്നവര്‍ ഒന്നോര്‍ക്കുക !
വസ്തുതകള്‍ യഥാവിധി നിരത്തി വെച്ച് അര്‍ഹമായത് നേടിയെടുക്കുന്നതിന് കാമ്പും കഴിവുമുള്ളവര്‍ ഇപ്പുറത്ത് ജാഗ്രവത്തായുണ്ട്.

 

web desk 1: