X
    Categories: Culture

സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ സംവിധാനം പുന:സ്ഥാപിച്ചു. നടപടി ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്ന്

ന്യൂനപക്ഷ വകുപ്പിലെ സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുന:സ്ഥാപിച്ചു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമാകാന്‍ ഇടയായ വീഴ്ചയാണ് ഒടുവില്‍ സര്‍ക്കാര്‍ തിരുത്തിയത്. 6.70 കോടിയുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്നതായും ഇതിന് പ്രധാനകാരണം ഓണ്‍ലൈന്‍ സംവിധാനം അടച്ചുപൂട്ടിയതാണെന്നും ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായതോടെയാണ് ഏഴ് മാസത്തിന് ശേഷം വീണ്ടും ഓണ്‍ലൈന്‍ സംവിധാനം വന്നത്.

ഇനി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കാനും ഓണ്‍ലൈന്‍ വഴിതന്നെ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക എത്തിക്കാനും കഴിയും. എന്നാല്‍ ഇതിന് അവശേഷിക്കുന്നത് എട്ട് ദിവസം മാത്രമാണ്. ഈ ചുരുങ്ങിയ കാലയളവില്‍ എത്രപേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാകുമെന്ന് വകുപ്പിന് ഇനിയും നിശ്ചയമില്ല.
2016 ആഗസ്ത് മാസത്തില്‍ നേരിട്ട് സ്വീകരിച്ച അപേക്ഷകള്‍ തരംതിരിച്ച് കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയത്. ഇത് കമ്പ്യൂട്ടറില്‍ ചേര്‍ക്കാന്‍ പന്ത്രണ്ടോളം കരാര്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ സ്‌കോളര്‍ഷിപ്പ് മുതല്‍ സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് തുടങ്ങിയ കോമണ്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അടക്കമുള്ളവ മുടങ്ങിയിരുന്നു. സി.എച്ച്, മുണ്ടശേരി സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതായത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

chandrika: