ന്യൂഡല്‍ഹി: ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ 2019-21 കണക്ക് പ്രകാരം രാജ്യത്തെ പട്ടികവര്‍ഗക്കാര്‍ക്കിടയിലെ ശിശുമരണം ആയിരം ജനനത്തില്‍ 41.6 മരണം എന്നതാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
2018 മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ പട്ടികവര്‍ക്ഷക്കാര്‍ക്കിടയിലെ ശിശുമരണനിരക്കിന്റെ നിലവിലെ സ്ഥിതിയും ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രം കൈക്കൊണ്ട നടപടികളുടെയും പദ്ധതികളുടെയും വിശദാംശങ്ങളും ആരാഞ്ഞുള്ള സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രജിസ്ട്രാര്‍ ജനറലിന്റെ മരണകാരണ സ്ഥിതിവിവരക്കണക്കിന്റെ 2015-17 രേഖകള്‍ പ്രകാരം രാജ്യത്തെ 37% ശിശുമരണങ്ങള്‍ക്കും കാരണം മാസം തികയാതെ കുട്ടി ജനിക്കുന്നതും ജനന സമയത്തുള്ള ഭാരക്കുറവുമാണ്. ന്യുമോണിയയും ശ്വാസതടസ്സവും അണുബാധയുമാണ് മറ്റു കാരണങ്ങള്‍.
സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ പ്രകാരം പ്രത്യുല്പാദന, മാതൃ, നവജാതശിശു, കൗമാരാരോഗ്യ, പോഷകാഹാര പദ്ധതി നടപ്പാക്കുന്നതില്‍ ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളെ സഹായിക്കുന്നുണ്ട്- മന്ത്രി അറിയിച്ചു.