കെ.ബി.എ കരീം കൊച്ചി
പാര്‍ട്ടിയില്‍ നിന്ന് നട്ടെല്ലായ അടിസ്ഥാനവര്‍ഗം അകന്നു പോകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സമ്മേളനം. പട്ടിക വിഭാഗങ്ങള്‍ അടക്കം പാര്‍ട്ടിയോട് വിമുഖത കാണിക്കുകയും ഒഴിഞ്ഞുപോവുകയും ചെയ്യുന്നതിലാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
പട്ടികജാതിവര്‍ഗ ക്ഷേമത്തിനുവേണ്ടി സി.പി.എം രൂപം നല്‍കിയ പട്ടികജാതി ക്ഷേമസമിതി പാര്‍ട്ടിയെ പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലാണ്. പട്ടിക വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ പാര്‍ട്ടിയോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ഗ സംഘടനയായ കര്‍ഷക തൊഴിലാളി യൂണിയനിലും പാര്‍ട്ടിക്കാര്‍ക്കും താല്പര്യം ഇല്ലാതായിരിക്കുന്നു. ഇതിന്റെ തലപ്പത്ത് അടക്കം സവര്‍ണ മേധാവികളെ കുടിയിരുത്തിയതാണ് വര്‍ഗ സംഘടനകളില്‍ നിന്ന് പാര്‍ട്ടി അണികള്‍ അകന്നു പോകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പാര്‍ട്ടിക്ക് വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമന കലാസാഹിത്യ സമിതിയും പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് റിപ്പോര്‍ട്ടില്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ ശാസ്ത്രസാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു.