X

പരാതികളില്‍ ജാതി വിവരം വ്യക്തമാക്കണമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് ജാതി വിവരം വ്യക്തമാക്കണമെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ രജിസ്ട്രാറിന്റെ നിര്‍ദേശം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.

കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതികക്ഷികളുടെ പേരും പൂര്‍ണമായ മേല്‍വിലാസവും ജില്ല, പിന്‍കോഡ് എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷകര്‍ കഴിവതും ഫോണ്‍/ മൊബൈല്‍ നമ്പര്‍ എന്നിവയും ഇമെയില്‍ വിലാസവും ഉള്‍പ്പെടുത്തണം. പരാതിക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. കമ്മീഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന പരാതികളില്‍ മാത്രമേ നിയമപ്രകാരം കമ്മീഷന് നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പിന് മേല്‍ കമ്മീഷനില്‍ നടപടിയുണ്ടായിരിക്കില്ല.

പരാതി വിഷയം പൊലീസ് ഇടപെടലുകള്‍ ആവശ്യമുള്ളതാണെങ്കില്‍, ഏത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നും, അറിയുമെങ്കില്‍ ഏത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലാണ് ഈ സ്‌റ്റേഷന്‍ എന്നുമുള്ള വിവരവും ഉള്‍പ്പെടുത്തണം. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/നഗരസഭ എന്നിവ സംബന്ധിച്ച പരാതികളില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി / നഗരസഭയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. വസ്തു സംബന്ധമായ പരാതി, വഴി തര്‍ക്കം എന്നിവയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസ്/താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.

ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരെയോ ആണ് പരാതിയെങ്കില്‍ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേല്‍വിലാസവും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പരാതി ഏതെങ്കിലും വ്യക്തികള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ എതിരെയാണെങ്കില്‍ അവരുടെ പേരും മേല്‍വിലാസവും ലഭ്യമെങ്കില്‍ ഫോണ്‍ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തണം. ഇമെയില്‍ മുഖാന്തിരവും അല്ലാതെയും സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇമെയില്‍ പരാതികളില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

webdesk13: