X

അണഞ്ഞത് ഞങ്ങളുടെ സൂര്യന്‍ – 2017 ഫെബ്രുവരി 2ന്‌ പ്രസിദ്ധപ്പെടുത്തിയ ചന്ദ്രിക മുഖപ്രസംഗം

ഇനിയില്ല ഇ.അഹമ്മദ് സാഹിബ്. ചരിത്രത്തിന്റെ അടരുകളിലേക്ക് മറയുകയാണദ്ദേഹം. ജനലക്ഷങ്ങളുടെ വീരപുളകമായ, അധഃസ്ഥിത ജനതയുടെ അന്തസ്സായ, രാഷ്ട്രത്തിന്റെ അഭിമാനപുത്രന്‍. വിവേചനത്തിന്റെ പുറമ്പോക്കുകളില്‍ എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു ജനതതിയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ച്, രാജ്യാധികാരത്തില്‍ പങ്കാളിയാക്കിയ പടനായകനാണ് വിടവാങ്ങുന്നത്.
മലബാറിന്റെ നാട്ടിടവഴികളില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തോളം അലയടിക്കുന്ന ആരവങ്ങള്‍ക്കു മധ്യേ മുഖവും മനസ്സും നിറഞ്ഞു വിടര്‍ന്ന മന്ദഹാസവുമായി വന്നിറങ്ങുന്ന അഹമ്മദ് സാഹിബ് എന്ന കാഴ്ച ഇനി ഓര്‍മയില്‍ മാത്രം. ഒരു യുഗം തിരശ്ശീല താഴ്ത്തുകയാണ്.
എണ്ണമറ്റ ഭാഷകളും സംസ്‌കാരങ്ങളും പൂത്തുലഞ്ഞുനില്‍ക്കുന്ന അനന്തവിസ്തൃതമായ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മുനമ്പിലൊരു തദ്ദേശസഭയില്‍ നിന്ന് ലോകരാഷ്ട്രസഭയോളം ജ്വലിച്ചുയര്‍ന്ന വിശ്വപൗരന്‍. ഗ്രാമ ജനപ്രതിനിധിയില്‍ നിന്ന് രാഷ്ട്ര മന്ത്രിസഭാ പ്രാതിനിധ്യത്തോളം വളര്‍ന്ന പൊതുപ്രവര്‍ത്തകന്‍.
രാജ്യത്തെ ദരിദ്ര ജനകോടികളുടെ ജീവിതപ്പാതയില്‍ വെളിച്ചം പകരാന്‍ തന്റെ പ്രതിഭയും പ്രയത്‌നവും ആയുസ്സും അര്‍പ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്ന അടിവേരില്‍ നിന്ന് മുസ്‌ലിംലീഗിന്റെ ദേശീയ അധ്യക്ഷപദവിയോളം വളര്‍ന്നുപന്തലിച്ച ഇന്ത്യന്‍ മുസ്‌ലിം സാരഥി.  സംഘടനാ സ്ഥാപക നേതാക്കളിലേക്ക് പുതിയ നൂറ്റാണ്ടിനെ കോര്‍ത്തുവെച്ച കണ്ണി. നയതന്ത്രജ്ഞന്‍, നിയമ പണ്ഡിതന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ തുടങ്ങിയ കീര്‍ത്തിമുദ്രകള്‍. നഗരസഭാ ചെയര്‍മാന്‍, എം.എല്‍.എ, വിവിധ പാര്‍ലമെന്റ് സമിതികളുടെ തലവന്‍ തുടങ്ങിയ സേവനമണ്ഡലങ്ങള്‍. കേരളത്തില്‍ വ്യവസായ വികസനത്തിന് അടിക്കല്ല് പാകിയ വകുപ്പ് മന്ത്രി. രാജ്യാന്തര നയതന്ത്രരംഗത്ത് ഇന്ത്യന്‍ അന്തസ്സിന്റെ പതാക ഉയരെ പറത്തിയ വിദേശകാര്യ സഹമന്ത്രി. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയുടെ ജാലകം തുറന്ന മാനവ വിഭവശേഷി മന്ത്രി. അവഗണനയുടെ പാളത്തില്‍ നിന്നു ഗതിതിരിച്ചുവിട്ട് കേരളത്തെ  ഇന്ത്യന്‍ റെയില്‍വെ ഭൂപടത്തില്‍  അടയാളപ്പെടുത്തിയ കേന്ദ്രമന്ത്രി. ഹജ്ജ്, ന്യൂനപക്ഷ വിഷയങ്ങളില്‍ സംതൃപ്തമായ നടപടികള്‍കൊണ്ട് മാതൃകയായ ഭരണാധികാരി. പഴയ എന്‍.ഡി.എ ഭരണകാലം സൃഷ്ടിച്ച അകല്‍ച്ചയുടെ മതില്‍ പൊളിച്ച് അറബ് രാഷ്ട്രങ്ങളെയഖിലവും ഇന്ത്യയുടെ ആത്മമിത്രങ്ങളാക്കിയ നയതന്ത്രജ്ഞന്‍.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ ചെറുതാക്കാന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും തീക്ഷ്ണവിമര്‍ശനത്താല്‍  നിശ്ശബ്ദമാക്കുന്ന രാജ്യാഭിമാനി. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവുമധികം തവണ ഇന്ത്യയുടെ ശബ്ദമുയര്‍ത്തിയ പ്രതിനിധി. തുടര്‍ച്ചയായി ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ റിക്കാര്‍ഡുള്ള മലയാളി. യു.ഡി.എഫിന്റെ ഇരുപതില്‍ പത്തൊമ്പത് സീറ്റും നഷ്ടമായപ്പോഴും ലക്ഷത്തില്‍പ്പരം ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയ കേരളത്തിന്റെ സൗഭാഗ്യം. മലയാളനാടിന്റെ  ജീവല്‍സ്പന്ദമായ  പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി അവിശ്രാന്തം യത്‌നിച്ച ഭരണാധികാരി.
വര്‍ഗീയ, ഭീകരവാദ ഭീഷണികളുടെ മുള്‍മുനയില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ നിര്‍ഭയം ഓടിച്ചെല്ലാറുള്ള ഭാരതപുത്രന്‍. ഇറാഖില്‍ തീവ്രവാദികളാല്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യയുടെ മക്കളെ ഒരു പോറലുമേല്‍ക്കാതെ, ഒരുതുള്ളി ചോരപൊടിയാതെ, രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതംപറ്റാതെ മോചിപ്പിച്ചുകൊണ്ടുവന്ന ഇ.അഹമ്മദിന്റെ നയതന്ത്രജ്ഞതക്ക് പകരംവെക്കാന്‍ ഇന്ത്യാ ചരിത്രത്തില്‍ ഇന്നോളമില്ല മറ്റൊന്നും. ഫലസ്തീനില്‍ തീബോംബുകളുമായി താണുപറക്കുന്ന ഇസ്രായീല്‍ മിസൈലുകള്‍ക്ക് കീഴെ രാമല്ലയിലെ വസതിയില്‍ ചെന്ന് യാസര്‍ അറഫാത്തിനെ ആശ്ലേഷിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇ.അഹമ്മദ് എന്ന ധീരനായ ലോകനേതാവ് ഇന്ത്യയുടെ അഭിമാനമാണ്. യുദ്ധം പെയ്യുന്ന വിദേശനാടുകളില്‍ മരണമുഖത്ത് നില്‍ക്കുന്ന ഇന്ത്യാക്കാര്‍ കാത്തിരിക്കാറുള്ളത് രക്ഷാദൗത്യവുമായി പറന്നെത്തുന്ന അഹമ്മദിനെയാണ്. രാജ്യാന്തര വേദികളില്‍, ലോകരാഷ്ട്രത്തലവന്‍മാരില്‍ സ്വാധീനവും വ്യക്തിപ്രഭാവവുംകൊണ്ട് അഹമ്മദ് നേടിയതെല്ലാം ഇന്ത്യക്ക് വേണ്ടിയായിരുന്നു. വര്‍ഗീയ വേട്ടയുടെ വാള്‍മുനയാല്‍ നരഹത്യകള്‍ തീര്‍ത്ത കോയമ്പത്തൂരിലെയും ഗുജറാത്തിലെയും യു.പിയിലെയും കലാപഭൂമികളില്‍ സധൈര്യം കടന്നുചെന്ന് ആശ്വാസത്തണലേകിയ അഹമ്മദിനെയോര്‍ത്ത് ഒരു രാജ്യവും ജനതയും പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്. മതേതരത്വത്തിനും മതമൈത്രിക്കും സ്വജീവിതംകൊണ്ട് തലക്കെട്ട് നല്‍കിയ മഹാപുരുഷന്‍.
ഇന്ദിരാഗാന്ധി മുതല്‍ പുതുതലമുറ വരെ നെഹ്‌റു കുടുംബത്തിന്റെ സ്‌നേഹവായ്പുകള്‍ നേടിയ പൊതുപ്രവര്‍ത്തകന്‍. സീതി സാഹിബിന്റെ അരുമശിഷ്യന്‍. ഖാഇദേമില്ലത്തിന്റെയും ബാഫഖിതങ്ങളുടെയും പിന്‍ഗാമി. സി.എച്ചിന്റെ സ്‌നേഹഭാജനം. പൂക്കോയതങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും കണ്ണിലുണ്ണി. സംഘടനാ പ്രവര്‍ത്തന വീഥിയില്‍ എല്ലാ തലമുറകള്‍ക്കും കൂട്ടുകാരന്‍. ഏത് വേദിയിലും തന്റെ രാജ്യാഭിമാനവും സാമുദായാഭിമാനവും വാക്കിലും പ്രവൃത്തിയിലും വിളംബരപ്പെടുത്തിയ,  രാജ്യത്തിന്റെയും സമുദായത്തിന്റെയും മുസ്‌ലിംലീഗിന്റെയും അന്തസ്സ് വിശ്വത്തോളമുയര്‍ത്തിയ നേതാവ്.
ഇസ്‌ലാമും ഇന്ത്യയും മുസ്‌ലിംലീഗും ചന്ദ്രികയും അദ്ദേഹത്തിന് പ്രാണവായുവായിരുന്നു. ‘ചന്ദ്രിക’യെപ്പറ്റി പറയാതെ ഒരു സംഭാഷണവും അദ്ദേഹം അവസാനിപ്പിച്ചില്ല. പത്രാധിപ സമിതിയംഗമായി, എക്‌സിക്യൂട്ടീവ് ഡയരക്ടറായി ചന്ദ്രികാ കുടുംബത്തിന്റെ കാരണവരായി, പത്രത്തിന്റെ സര്‍വസ്വവുമായി അദ്ദേഹം. മതേതരത്വം കാത്തുസൂക്ഷിക്കാന്‍, അടിച്ചമര്‍ത്തപ്പെട്ട ജനകോടികള്‍ക്ക് നീതിയും അവകാശവും നേടിക്കൊടുക്കാന്‍ പൊരുതിക്കൊണ്ടേയിരുന്ന ആ യോദ്ധാവ് ജീവിതത്തില്‍ വിശ്രമമറിഞ്ഞില്ല.  ഒടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കെയാണ് സഭാ മധ്യത്തില്‍ നിന്ന് അഹമ്മദ് സാഹിബ് യാത്രയാവുന്നത്. കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ  അകത്തളങ്ങളില്‍ അലയടിച്ച ഇന്ത്യന്‍ മുസല്‍മാന്റെ ആ അഭിമാന ശബ്ദം നിലയ്ക്കുന്നത്. പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്‍ക്കളത്തിലെ  വിടവാങ്ങല്‍. സമാനതകളില്ലാത്ത ജീവിതം, കര്‍മം, അന്ത്യം.
ഞങ്ങളുടെ സൂര്യനാണ് അണഞ്ഞത്. അഭിമാനഗോപുരമാണ് കാഴ്ചയില്‍ മറഞ്ഞത്. സര്‍വ്വശക്തനായ അല്ലാഹു  മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.
 -സി.പി സൈതലവി (എഡിറ്റര്‍)
(2017 ഫെബ്രുവരി 2ന്‌ ചന്ദ്രിക ദിനപത്രം ഒന്നാം പേജിൽ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗം)

Chandrika Web: