കോഴിക്കോട്: റേഷന്‍കടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള വിഹിതം 70ല്‍ നിന്ന് 30 ശതമാനമാക്കി. പകരം പച്ചരി സ്‌റ്റോക്ക് 70 ശതമാനമാക്കി മാറ്റുകയുണ്ടായി. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ പിഎംജികെഎവൈ പ്രകാരം വിതരണം ചെയ്യാന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ എത്തിയതും മുഴുവന്‍ പച്ചരിയാണ് മാര്‍ച്ച് വരെ ഇതേനില തുടരുമെന്നാണ് പറയപ്പെടുന്നത്.
റേഷന്‍കടകളില്‍നിന്ന് പുഴുക്കലരി കിട്ടാതായതോടെ സാധാരണക്കാര്‍ പൊതുവിപണിയില്‍നിന്ന് കൂടുതല്‍ വില നല്‍കി അരി വാങ്ങേണ്ട അവസ്ഥയാണ്. പൊതുവിപണിയില്‍ അരിവില കുത്തനെ ഉയരാനും കേന്ദ്രനടപടി ഇടയാക്കിയിട്ടുണ്ട്. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമുള്ള സാധ്യതയും ഇത് മൂലം സംജാതമാകും. സ്വകാര്യ മില്ലുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. മഞ്ഞ, പിങ്ക് കാര്‍ഡുടമകളാണ് കൂടുതല്‍ ദുരിതത്തിലാക്കുക. മഞ്ഞ എഎവൈക്കാര്‍ക്ക് പുഴക്കലരിക്കുപകരം മാസം 30 കിലോ പച്ചരിയാണ് ഇനി ലഭിക്കുക.
പിങ്ക് നിറം കാര്‍ഡുകാരായ മുന്‍ഗണനക്കാര്‍ക്ക് ആളൊന്നിന് നാലു കിലോയും പച്ചരിയാണ് കിട്ടുക. കേരളത്തില്‍ പച്ചരിച്ചോറ് കഴിക്കുന്നവര്‍ പൊതുവേ കുറവായത് പ്രതിസന്ധിയുടെ ആഴം കൂട്ടും. സംസ്ഥാനത്ത് ആകെയുള്ള 93.10 ലക്ഷം കാര്‍ഡില്‍ 5.89 ലക്ഷം എ.എ.വൈ കാര്‍ഡും 35.07 ലക്ഷം കാര്‍ഡ് മുന്‍ഗണനാ വിഭാഗവുമാണ്. ഈ വിഷയത്തില്‍ തങ്ങള്‍ നിസഹായവസ്ഥയിലാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പച്ചരിക്ക് പകരം പുഴുങ്ങലരി മാറ്റിനല്‍കണമെന്ന കാര്‍ഡുടമകളുടെ ആവശ്യത്തില്‍ കൈമലര്‍ത്താനേ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സാധാരണക്കാരുടെ അന്നംമുട്ടും.