X

മുക്കുപണ്ട തട്ടിപ്പ്; പിടികിട്ടാപുള്ളി ഉള്‍പ്പെടെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന വന്‍ സംഘത്തിലെ പ്രധാന പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിര്‍ദ്ദേശപ്രകാരം പള്ളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ധമായ രീതിയില്‍ ഒറിജിനല്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കുന്ന തൃശൂര്‍,കുറ്റൂര്‍, ആട്ടോര്‍ നടുക്കുടി ഹൗസില്‍ മണികണ്ഠന്റെ (52) നേതൃത്വത്തില്‍ ഉള്ള നാലംഗ സംഘമാണ് അറസ്റ്റില്‍ ആയത്. മലപ്പുറം ,കരുവാരകുണ്ട് കുന്നത്ത് ഹൗസില്‍ ഇര്‍ഷാദ്(26) , മലപ്പുറം , കോട്ടൂര്‍ ,ചുരപ്പുലാന്‍ ഹൗസില്‍ മജീദ് (36) , കിളിമാനൂര്‍, പാപ്പാല ബി.എസ്.എച്ച് മന്‍സിലില്‍ ഹാനിസ് (37) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവര്‍ .ഇവരുടെ നേതൃത്വത്തില്‍ ഉള്ള വന്‍ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠന്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നത്. ഈ ശൃംഖലയിലെ അഞ്ച് പേരെ പള്ളിക്കല്‍ പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കടയ്ക്കല്‍ , മതിര സ്വദേശി ആയ റഹീം ആയിരുന്നു അതിലെ തലവന്‍ .ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തില്‍ ആണ് മണികണ്ഠനും സംഘവും അറസ്റ്റില്‍ ആകുന്നത്.

അറസ്റ്റിലായ മണികണ്ഠന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ,കാസര്‍കോട് ,വയനാട് ,മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളില്‍ പ്രതിയാണ് . ജയിലില്‍ നിന്നിറങ്ങി കഴിഞ്ഞ നാലു വര്‍ഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാള്‍ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകള്‍ നിലവിലുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മുക്കുപണ്ടം വാങ്ങാന്‍ എത്തുന്ന സ്വന്തം സംഘാംഗങ്ങള്‍ക്ക് പോലും ഇയാളുടെ വാസസ്ഥലമോ മുക്കുപണ്ട നിര്‍മ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ല. രഹസ്യ താവളത്തില്‍ താമസിച്ച് ഇയാള്‍ നിര്‍ബാധം മുക്കുപണ്ട നിര്‍മ്മാണം തുടരുകയായിരുന്നു.

റഹീമും സംഘവും പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് ഇപ്പോള്‍ പിടിയില്‍ ആയവര്‍ ഒളിവില്‍ പോവുകയായിരുന്നു. തമിഴ്‌നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് മുക്കുപണ്ട നിര്‍മ്മാണ സംഘത്തെ മുഴുവനായി പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായത്.

പള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് , മുത്തൂറ്റ് ഫൈനാന്‍സ് , മഹാലക്ഷ്മി ഫൈനാന്‍സ് , പകല്‍ക്കുറിയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് ഫൈനാന്‍സ് , കപ്പാംവിള മഹാലക്ഷ്മി ഫൈനാന്‍സ് , വേമൂട് ജെയ്‌സണ്‍ ഫൈനാന്‍സ് ,കൊല്ലം ജില്ലയിലെ പാരിപ്പളളി അമ്മ ഫൈനാന്‍സ്, വേള മാനൂര്‍ തിരുവോണം ഫൈനാന്‍സ് എന്നിവിടങ്ങളില്‍ ഇവര്‍ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തും.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, പള്ളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്‍ , സബ് ഇന്‍സ്‌പെക്ടര്‍ വി.ഗംഗാപ്രസാദ് , എ.എസ്.ഐ ഉദയന്‍ റൂറല്‍ ഷാഡോ ടീമംഗം ബി. ദിലീപ്, പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ഷാന്‍, അനീഷ്, സുധീര്‍, ശ്രീരാജ്, എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

web desk 1: