X

മെഡിസെപ്പ് പദ്ധതിയിലെ ചതിക്കുഴി-അബ്ദുല്ല വാവൂര്‍

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഏറെ പ്രചാരണം നല്‍കി ഉദ്ഘാടനം ചെയ്യുകയുണ്ടായി. മുപ്പത് ലക്ഷം പേര്‍ക്ക് മെഡിക്കല്‍ പരിരക്ഷ എന്ന തല വാചകത്തില്‍ വന്‍ പരസ്യത്തോടെയാണ് മെഡിസെപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിനെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ പദ്ധതി 2011-16ല്‍ സംസ്ഥാനം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരാണ് വിഭാവന ചെയ്തത് എന്നതാണ് വസ്തുത.

2011-2016ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് 7-9-2016 പ്രകാരം പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവിറക്കി. ഈ കമ്മീഷന്‍ ആണ് സംസ്ഥാനത്തെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (മെഡിസെപ്പ്) ആരംഭിക്കണമെന്ന് നിര്‍ദേശിച്ചത്. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ അതില്‍പെട്ട മെഡിസെപ്പ് നിര്‍ദേശവും അംഗീകരിക്കുകയായിരുന്നു. പിന്നീട് അധികാരത്തില്‍വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ നിര്‍ദേശം കോള്‍ഡ്‌സ്റ്റോറേജില്‍ വെക്കുകയായിരുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ കാരുടെയും നിരന്തര സമരങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ സ്വകാര്യ കോര്‍പറേറ്റ് ഭീമനായ റിലയന്‍സ് കമ്പനിയുമായി കരാറില്‍ ഒപ്പിട്ടു. കരാര്‍ വ്യവസ്ഥകളില്‍ വലിയ തീവെട്ടിക്കൊള്ളയുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പരാതി ഉയര്‍ത്തി. മാത്രമല്ല പൊതുമേഖല കമ്പനികള്‍ കുറഞ്ഞ പ്രീമിയത്തിന് മുന്നോട്ട്‌വന്നിട്ടും അവയെ പരിഗണിക്കാതെ റിലയന്‍സിന് നല്‍കിയത് വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധത്തെതുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിയേണ്ടി വന്നു. പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മെഡിസെപ്പ് നടപ്പാക്കുന്നത.് യഥാര്‍ഥത്തില്‍ പത്താം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ച യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ച മെഡിസെപ്പ് പദ്ധതി ആറു വര്‍ഷം വൈകിപ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. മെഡിസപ്പില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍നിന്ന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയാണ്. ഒന്നര ലക്ഷം രൂപ ഓരോ വര്‍ഷത്തേക്കും നിശ്ചയിച്ചിട്ടുള്ളതും വിനിയോഗിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നതുമാണ്. ബാക്കി വരുന്ന ഒന്നര ലക്ഷം വിനിയോഗിച്ചില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ്. 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ചികിത്സ പ്രക്രിയക്കുമായി മുപ്പത്തിയഞ്ചു കോടിയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പസ് ഫണ്ടില്‍നിന്ന് മൂന്ന് വര്‍ഷത്തെ പോളിസി കാലയളവിനകത്ത്‌നിന്ന് വിനിയോഗിക്കാവുന്നതാണ്. ഇതൊക്കെയാണ് മെഡിസെപ്പ് ആനുകൂല്യങ്ങള്‍.

പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മ ഇതില്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തിക പങ്കാളിത്തവും ഇല്ല എന്നാണ്. പൂര്‍ണമായും ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും ഈടാക്കുകയാണ്. അഞ്ഞൂറ് രൂപയാണ് മാസം തോറും ശമ്പളത്തില്‍നിന്നും പെന്‍ഷനില്‍നിന്നും പിടിക്കുന്നത്. പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയ ഇടനിലക്കാരന്റെ റോളില്‍ ഒതുങ്ങി.
യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ച പത്താം ശമ്പള കമ്മീഷന്‍ മുന്നോട്ട്‌വെച്ചിരുന്നത് ജീവനക്കാരും പെന്‍ഷന്‍കാരും നല്‍കുന്ന പ്രതിമാസ പ്രീമിയത്തിന്റെ തുല്യ വിഹിതം സര്‍ക്കാരും നല്‍കണം എന്നായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ ആ നിര്‍ദേശം അട്ടിമറിക്കുകയാണുണ്ടായത്. പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ അവസരം നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് ചേര്‍ന്നാല്‍ മതിയായിരുന്നു. ചേരാത്തവര്‍ക്ക് സര്‍ക്കാരിന്റെ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് സൗകര്യവും വേണമെങ്കില്‍ ഉപയോഗപ്പെടുത്താമായിരുന്നു. ഇപ്പോള്‍ താല്‍പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അഞ്ഞൂറ് രൂപ സര്‍ക്കാര്‍ പ്രീമിയമായി ഈടാക്കി കമ്പനിക്ക് കൈമാറും. ചുരുങ്ങിയത്ഇരുപത്തിനാല് മണിക്കൂര്‍ അതായത് ഒരു ദിവസം ആശുപത്രിയില്‍ കിടന്ന് ചികില്‍സിച്ചാലേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒ.പി ചികിത്സക്ക് ആനുകൂല്യവുമില്ല. ശമ്പള കമ്മീഷന്‍ നിര്‍ദേശത്തില്‍ ഒ.പി ചികിത്സയും മെഡിസെപ്പ് പരിധിയില്‍ വരുമായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പദ്ധതി പരിമിതപ്പെടുത്തിയത് കമ്പനിയെ സഹായിക്കാനാണെന്ന പരാതിയുമുണ്ട്. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ ഇതിലും കുറഞ്ഞ പ്രീമിയത്തില്‍ (പ്രതിമാസം 300 രൂപ) നാല് വര്‍ഷത്തേക്കാണ് പത്ത് ലക്ഷം രൂപ വരെ ഇതേ കമ്പനി പരിരക്ഷ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒ.പി ചികിത്സയടക്കം എല്ലാ ചികിത്സക്കും പരിരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. ദമ്പതിമാരായ ജീവനക്കാരാണെങ്കില്‍ രണ്ട് പേരില്‍നിന്നും പ്രീമിയം പിടിക്കും. ഒരാള്‍ക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയൂ. സര്‍വീസിലിരിക്കുമ്പോള്‍ പ്രീമിയം അടക്കുന്ന ആള്‍ക്ക് മാതാപിതാക്കള്‍ക്ക് കൂടി ആശ്രിത ആനുകൂല്യം ലഭിച്ചിരുന്നു. അതേസമയം സര്‍വീസില്‍നിന്ന് പിരിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് പരിരക്ഷ ലഭിക്കുകയുമില്ല. അത്യാധുനിക സൗകര്യങ്ങളുള്ള പല ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയുര്‍വേദം, ഹോമിയോ, യൂനാനി തുടങ്ങിയ ആയുഷ് ചികിത്സകള്‍ക്ക് പരിരക്ഷ ലഭിക്കുമ്പോള്‍ ഇവിടെ അവയെ മാറ്റിനിര്‍ത്തിയിരിക്കുന്നു. കോര്‍പസ് ഫണ്ടില്‍ പണമുണ്ടെങ്കിലേ മാരക രോഗങ്ങള്‍ക്കും അവയവ മാറ്റ ചികിത്സക്കും ഫണ്ട് ലഭിക്കുകയുള്ളു എന്നത് പ്രയാസമുണ്ടാക്കും.

ഒരു വര്‍ഷം പ്രീമിയം ഇനത്തില്‍ ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും മാസം പ്രതി ആറായിരം രൂപ ഈടാക്കുമ്പോള്‍ മൊത്തം 720 കോടി രൂപ ലഭിക്കും. ഇതില്‍ ഓറിയന്റല്‍ കമ്പനി ആവശ്യപ്പെട്ടത് ഒരാളില്‍ നിന്ന് 5664 രൂപയാണ്. അതായത് 4800 രൂപയും പതിനെട്ട് ശതമാനം ജി.എസ്.ടി 864 രൂപ. ആകെ വരുന്ന തുകയാണിത്. ബാക്കി വരുന്ന 336 രൂപ സര്‍ക്കാരിനാണ്. ഇതാണത്രേ കോര്‍പസ് ഫണ്ടായി മാറുന്നത്. ഒരു വര്‍ഷം 40.32 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ എത്തും. ഓരോ വര്‍ഷവും ജീവനക്കാര്‍ക്ക് റീ ഇമ്പേഴ്‌സ്‌മെന്റ് ചിലവിലേക്ക് സംസ്ഥാന ബജറ്റില്‍ 230 കോടി രൂപ യെങ്കിലും മാറ്റിവെക്കാറുണ്ട്. ഇനിമുതല്‍ സര്‍ക്കാരിന് അതും ലാഭിക്കാം. സര്‍ക്കാരിന് ഒരു രൂപ പോലും ചിലവില്ലാതെ നടപ്പാക്കുന്ന മെഡിസെപ്പ് പദ്ധതി എങ്ങിനെയാണ് ജനക്ഷേമ പദ്ധതിയായി മാറുക?

Chandrika Web: