X

ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികളെ കുരുക്കിലാക്കാന്‍ തട്ടിപ്പുസംഘങ്ങള്‍

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികളെ വലയില്‍ വീഴ്‌ത്താന്‍ സംഘങ്ങള്‍ സജീവം.
പാരാമെഡിക്കല്‍ മേഖലയിലാണ്‌ അംഗീകാരമില്ലാത്ത കോഴ്‌സുകളുമായി തട്ടിപ്പുസംഘങ്ങള്‍ പെരുകുന്നത്‌. കേരളത്തില്‍ പാരാമെഡിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്‌. വിദേശത്തുപോകുന്നതിനും രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്‌.
ഇത്തരം കോഴ്‌സുകള്‍ക്ക്‌ അഡ്‌മിഷന്‍ നേടുന്നതിന്‌ മുന്‍പായി കോഴ്‌സുകള്‍ അംഗീകാരമുള്ളതാണോയെന്ന്‌ തിരുവന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തില്‍ ഉള്‍പ്പടെ അന്വേഷിക്കേണ്ടതുണ്ട്‌ .ബി.എസ്‌.സി.എം. എല്‍.ടി, ഡി.എം.എല്‍.ടി ,നഴ്‌സിങ്‌, ഫിസിയോ തെറാപ്പി, ഫാര്‍മസി, എക്‌സ്‌റേ ടെക്‌നിഷ്യന്‍, ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്‌റ്റന്റ്‌ ടെക്‌നിഷ്യന്‍, ഡയാലിസിസ്‌ ടെക്‌നിഷ്യന്‍ തുടങ്ങിയ കോഴ്‌സുകളാണ്‌ ഒരു വര്‍ഷത്തേയും ആറും രണ്ടും മാസകാലയളവിലുമെല്ലാം ഡിപ്ലോമ എന്ന പേരില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. പലരുടേയും പേരുകളിലുള്ള ഫൗണ്ടേഷന്‍ എന്ന തരത്തിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്‌ എന്ന പേരിലും പലയിടത്തും ഇത്തരം സ്‌ഥാപനങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്‌.

പാരാമെഡിക്കല്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാന്‍ പ്ലസ്‌ ടു സയന്‍സാണ്‌ യോഗ്യത. എന്നാല്‍ പ്ലസ്‌ടു സയന്‍സ്‌ പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ഇവര്‍ അഡ്‌മിഷന്‍ നല്‌കുമെന്നുള്ളതാണ്‌ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന അവകാശവാദത്തോടെ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഒരു കെട്ടിടത്തില്‍ ബോര്‍ഡും സ്‌ഥാപിച്ച്‌ ക്‌ളാസ്‌ നടത്തുന്ന നിരവധി സ്‌ഥാപനങ്ങളാണുള്ളത്‌.

യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയുടേത്‌ എന്ന വ്യാജേനയും കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. ജോലിക്ക്‌ ശ്രമിക്കുമ്ബോഴാണ്‌ സര്‍ട്ടിഫിക്കറ്റിന്‌ അംഗീകാരമില്ലാതെ കമ്ബളിപ്പിക്കപ്പെട്ടതായി പലരും തിരിച്ചറിയുന്നത്‌. കോഴ്‌സുകളെകുറിച്ച്‌ വ്യക്‌തമായ ധാരണയില്ലാത്ത രക്ഷിതാക്കളേയും കുട്ടികളെയുമാണ്‌ ഇത്തരം തട്ടിപ്പ്‌ സംഘങ്ങള്‍ വിദേശത്ത്‌ ഉള്‍പ്പടെ ജോലി വാഗ്‌ദാനം നല്‍കി കെണിയിലാക്കുന്നത്‌. കേരളത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക്‌ ഡയറക്‌ടര്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴിയാണ്‌ അപേക്ഷ സ്വീകരിക്കുന്നതും സീറ്റ്‌ അലോട്ട്‌മെന്റ്‌ നടത്തുന്നതും.

webdesk14: