X

ഹാദിയ കേസ്; വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഹാദിയ കേസില്‍ ഇത് രണ്ടാംതവണയാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്.
വിവാഹവും ദാമ്പത്യ ബന്ധവും യഥാര്‍ത്ഥമല്ലെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. അവള്‍(ഹാദിയ) വിവാഹം ചെയ്തത് ശരിയായ പുരുഷനെയല്ലെന്ന് കോടതിക്ക് പറയാനാവുമോ. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നാണ് അവള്‍ ഇവിടെ വന്ന് പറഞ്ഞത്- ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
വിവാഹം വ്യക്തിനിയമങ്ങളുടെ പരിധിയില്‍ വരുന്നതാണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് എന്ത് അധികാരമാണുള്ളത്. ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. മാനഭംഗക്കേസല്ല ഇത് എന്നിരിക്കെ, എങ്ങനെ അലക്ഷ്യമായി അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയുടെ തന്നെ മുന്‍നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
ഹാദിയയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും സിറിയയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും പിതാവ് അശോകനു വേണ്ടി ഹാജരായ അഡ്വ. ശ്യാം ദിവാന്‍ വാദിച്ചെങ്കിലും ഇതിനെ കോടതി ഖണ്ഡിച്ചു. ഹാദിയ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടാണോ വിവാഹം ചെയ്തതെന്ന് കോടതി പരിശോധിക്കേണ്ട കാര്യമല്ല. സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്നാണ് അവര്‍ നല്‍കിയ മൊഴി. സിറിയയിലേക്ക് കടത്താന്‍ ശ്രമമുണ്ടായെങ്കില്‍ തടയേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. പൗരന്മാരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോകുന്നത് തടയാന്‍ എല്ലാ അധികാരവും കേന്ദ്ര സര്‍ക്കാറിനുണ്ട്. വിവാഹ ബന്ധം അസാധുവാക്കുകയല്ല അതിനുള്ള പ്രതിവിധി. വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടെന്ന പരാതിയിലല്ല കേരള ഹൈക്കോടതിയുടെ വിധിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേസില്‍ മാര്‍ച്ച് എട്ടിന് വാദം തുടരും.

chandrika: