ന്യൂഡല്‍ഹി: പശു തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം.
.
29 സംസ്ഥാനങ്ങളില്‍ പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അതത് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. മൂന്നുമാസങ്ങള്‍ക്ക് മുന്‍പുള്ള സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി കാര്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ഖര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് ഉത്തരവിട്ടത്. രാജ്യത്ത് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളായവരെ ശിക്ഷിക്കാന്‍ പാര്‍ലമെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇത്തരം ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തെ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും സുപ്രീം കോടതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
രാജ്യത്ത് ഇത്തരം അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാറുകളോട് കോടതി ആവശ്യപ്പെട്ടത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.