ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട ‘ദി കാരവന്‍’ മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് വ്യക്തമാക്കി.
‘വിധി പൂര്‍ണമായി വായിക്കാന്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, കാരവന്‍ മാഗസിന്‍ അതിന്റെ 22 ലേഖനങ്ങളിലും ഉറച്ചു നില്‍ക്കുന്നു. ആ ലേഖനങ്ങള്‍ തന്നെ അവയ്ക്കു വേണ്ടി സംസാരിക്കും. മാത്രവുമല്ല ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അസ്വാഭാവിക ചോദ്യങ്ങളെ പത്രപ്രവര്‍ത്തനപരമായി ഞങ്ങള്‍ പിന്തുടരുകയും ചെയ്യും.’ – വിനോദ് കെ. ജോസ് ട്വിറ്ററില്‍ വ്യക്തമാക്കി.
അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്‍ വധക്കേസ് വാദം കേള്‍ക്കുകയായിരുന്ന സി.ബി.ഐ ജഡ്ജ് ബി.എച്ച് ലോയ 2016 ഡിസംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിനു പിന്നാലെ നിയുക്തനായ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്‍ ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നും കാരവന്‍ മാഗസിന്‍ ആരോപിച്ചിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ലോയ കേസിലെ ഹര്‍ജികള്‍ തള്ളിയത്. ഏറെ തെളിവുകള്‍ ഉണ്ടായിട്ടും തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവിറക്കിയത് അസ്വാഭാവികമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.