X
    Categories: MoreViews

കഠ്‌വ: കുറ്റപത്രം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച അഭിഭാഷകര്‍ കുടുങ്ങും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ അഭിഭാഷകര്‍ കുടുങ്ങും. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, കഠ്‌വ ബാര്‍ അസോസിയേഷന്‍ എന്നിവക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം സുപ്രീം കോടതി അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു. ഇതോടെ, മനുഷ്യത്വ വിരുദ്ധമായ നടപടിയില്‍ ഏര്‍പ്പെട്ട അഭിഭാഷകര്‍ക്കെതിരെ നടപടി വന്നേക്കും.

ബാര്‍ അസോസിയേഷനുകളിലെ അഭിഭാഷകര്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയുക മാത്രമല്ല, പെണ്‍കുട്ടിയുടെ കുടുംബം ഹോടതിയില്‍ ഹാജരാവാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാനും അതിനു ശേഷം നടപടിയെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എട്ടു വയസ്സുകരിയുടെ പിതാവിനു വേണ്ടി ഹാജരാകുന്നതില്‍ നിന്ന് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ പരസ്യമായി തന്നെ വിലക്കിയിരുന്നുവെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത് വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ബാര്‍ അസോസിയേഷന്‍ റൂമുകളില്‍ നിന്ന് തനിക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാത്തിയ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ദീപിക പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: