ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും അന്ന് തന്നെ പരിഗണിക്കും. റഫാല്‍ കേസിനൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്നലെ ലിസ്റ്റ് ചെയ്യാതിരുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കേസുകളും കോടതി വെള്ളിയാഴ്ച പരിഗണിക്കും. റഫാല്‍ പുനപരിശോധന ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും വേര്‍പെടുത്തിയതില്‍ തങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പരാമര്‍ശിച്ചു. കോടതി നടപടികള്‍ ആരംഭിച്ച ഉടന്‍ രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ തലവന്‍ വികാസ് സിങിനോട് ചോദിച്ചു. രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പത്താം തീയതിയിലേക്കാണ് ലിസ്റ്റ് ചെയ്തതെന്ന വികാസ് സിങിന്റെ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് എങ്ങിനെ പുനപരിശോധന ഹര്‍ജി ഇന്നും രാഹുലിനെതിരായ ഹര്‍ജി പത്താം തീയതിയിലേക്കും ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ചോദിച്ചു. രണ്ടു ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് പറഞ്ഞതിനാല്‍ അതും ഇന്ന് വരേണ്ടതല്ലേ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടര്‍ന്ന് ഇരു കേസുകളും 10-ാം തീയതി കേള്‍ക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.