X
    Categories: CultureMoreViews

ദലിത് ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി ചാപ്പ കുത്തി; ദലിത് ശാക്തീകരണത്തിന്റെ ബി.ജെ.പി മാതൃക

ഭോപ്പാല്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ മെഡിക്കല്‍ ടെസ്റ്റിനെത്തിയ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി ചാപ്പ കുത്തിച്ച മധ്യപ്രദേശ് പൊലീസിന്റെ നടപടി വിവാദമായി. ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ എസ്.സി, എസ്.ടി, ഒ.ബി.സിക്ക് പകരം ‘ഒ’ എന്നിങ്ങനെയായിരുന്നു ചാപ്പ കുത്തിയത്. മധ്യപ്രദേശിലെ ‘ധര്‍’ ജില്ലയിലാണ് പിന്നോക്ക വിഭാഗക്കാരെ അപമാനിക്കുന്ന നടപടിയുണ്ടായത്.

സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ‘ധര്‍’ ജില്ലാ പൊലീസ് സൂപ്രണ്ട് ബീരേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വിഭാഗത്തിനും പ്രത്യേക റിസര്‍വേഷനും ഉളവും ഉള്ളതിനാല്‍ കൂടിക്കലരാതിരിക്കാന്‍ ഇങ്ങനെയൊരു രീതി സ്വീകരിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇത്തരമൊരു രീതി നടപ്പാക്കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഡി.ജി.പി റിഷി കുമാര്‍ ശുക്ല പറഞ്ഞു. വൈദ്യപരിശോധനാ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ രീതി സ്വീകരിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ഇതൊഴിവാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: