ശിവമോഗ: ദളിത് പ്രക്ഷോഭത്തി ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.സി, എസ്.ടി പീഡനം തടയല്‍ നിയമം ലഘൂകരിച്ച വിഷയത്തില്‍ മോദി ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണത്തിനായി ശിവമോഗയിലെത്തിയതായിരുന്നു അദ്ദേഹം. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയില്‍ ദളിതുകള്‍ ക്രൂരമായ പീഡനത്തിനിരയായി പക്ഷേ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരിയാടിയില്ല. ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നതിനിടയില്‍ എസ്.സി, എസ്.ടി നിയമം ലഘൂകരിച്ചു എന്നിട്ടും അദ്ദേഹം മിണ്ടുന്നില്ല.
കര്‍ണാടക മാത്രമാണ് ദളിതുകള്‍ക്കുള്ള ഫണ്ട്് വേണ്ട രീതിയില്‍ വിനിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെദ്യൂരപ്പയുടെ ജന്മനാട്ടില്‍ വന്‍ജനാവലിയാണ് രാഹുലിനെ സ്വാഗതം ചെയ്തത്. യെദ്യൂരപ്പ ജയില്‍ പക്ഷിയാണെന്ന് പറഞ്ഞ രാഹുല്‍ യെദ്യൂരപ്പയെ പോലുള്ള അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. മോദി മുതല്‍ ഷാ വരെ ബി.ജെ.പിയില്‍ അഴിമതിക്കാര്‍ക്കു കുടപിടിക്കുകയാണ്. അഴിമതിയെ കുറിച്ച് മോദി ഇപ്പോള്‍ സംസാരിക്കാറില്ല.
ജെറ്റ്‌ലിയുടെ മകള്‍ വായ്പ തട്ടിപ്പുകാരന്‍ നീരവ് മോദിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതിനിടെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സിദ്ധുവിന്റെ ട്രോ ള്‍. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ക്രൂഡ് ഓയില്‍ 114 ഡോളറിലെത്തിയപ്പോള്‍ വില വര്‍ധിപ്പിച്ചതിനെതിരെ സമരം നടത്തിയ മോദിയും അമിത് ഷായും നിലവില്‍ 68 ഡോളര്‍ മാത്രം ക്രൂഡോയില്‍ വിലയായ സമയത്ത് റെക്കോര്‍ഡ് വില വര്‍ധനവുണ്ടായിട്ട് അറിയാത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
പാവപ്പെട്ടവരും ഇടനിലക്കാരുമൊന്നും ഈ രാജ്യത്തുള്ളത് മോദിയും ഷായും അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതിനിടെ കുറുബ മഠാധിപതിയെ കാണാനുള്ള അമിത് ഷായുടെ ശ്രമം പാളി. ഭഗല്‍കോട്ട് ജില്ലയിലെ ബദാമിയിലുള്ള ശിവയോഗി മഠാധിപതിയുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷാ നേരത്തെ തന്നെ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ മഠാധിപതി തയാറായില്ല. അമിത് ഷാ മഠം വിട്ടതിന് ശേഷം മഠാധിപതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ മഠത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന വിഭാഗമാണ് കുറുബ. അതേ സമയം ഹാവേരിയിലെ കംഗിനാലെയില്‍ ഒ.ബി.സി റാലിക്കെത്തിയ അമിത് ഷായെ വരവേറ്റത് ശൂന്യമായ കസേരകളാണ്.