ന്യൂഡൽഹി: വോട്ട് എണ്ണുന്നതിനൊപ്പം 50 ശതമാനം വിവിപാറ്റ് രശീതുകളും എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ മുൻവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയ കക്ഷികൾ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സി.പി.ഐ നേതാവ് ഡി. രാജ എന്നിവർ കോടതിയിൽ സന്നിഹിതരായിരുന്നു.
നേരത്തെ, ഓരോ മണ്ഡലത്തിലും ഒരു പെട്ടി വിവിപാറ്റ് വീതം എണ്ണുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഹർജി നൽകിയതിനെ തുടർന്ന് ഇത് ഒരു മണ്ഡലത്തിൽ അഞ്ച് പെട്ടി വിവിപാറ്റ് എന്നാക്കി സുപ്രീം കോടതി ഉയർത്തി. എന്നാൽ ഇത് മൊത്തം വോട്ടിന്റെ അരശതമാനം പോലും വരില്ലെന്നാണ് ഹർജിക്കാർ വാദിച്ചു. 50 ശതമാനമെങ്കിലും വിവിപാറ്റ് എണ്ണിയാലേ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്താൻ കഴിയൂ എന്നുമാണ് 21 പാർട്ടികൾ പുനഃപരിശോധനാ ഹർജിയിൽ ആവശ്യപ്പെട്ടത്.
വിവിപാറ്റ് രശീതുകൾ കൂടി എണ്ണേണ്ട സാഹചര്യമുണ്ടായാൽ ഫലപ്രഖ്യാപനം വളരെ വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ ബോധിപ്പിച്ചത്. അഞ്ച് പെട്ടികൾ എണ്ണുമ്പോൾ തന്നെ പല മണ്ഡലങ്ങളിലും രാത്രിയാകുമെന്നും കമ്മീഷൻ ബോധിപ്പിച്ചു. 33 ശതമാനം പെട്ടികൾ എണ്ണുന്ന കാര്യം അംഗീകരിക്കാമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ ഡോ. എ.എം സിങ്‌വി വ്യക്തമാക്കിയിരുന്നു.