X

370 എടുത്തു കളഞ്ഞ നടപടി; അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് അഡ്വ. എം.എല്‍ ശര്‍മ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ജസ്റ്റിസ് എന്‍.വി രാമണ അധ്യക്ഷനായ ബെഞ്ച് നിരസിക്കുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ആഗസ്ത് അഞ്ചിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ പ്രകാരമല്ല. 60 വര്‍ഷത്തിലേറെയായി കശ്മീര്‍ അനുഭവിച്ചു വരുന്ന പ്രത്യേക പദവിയാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. ജമ്മുകശ്മീര്‍ വിഷയം യു.എന്നിലേക്ക് വലിച്ചിഴക്കാന്‍ പാകിസ്താന് ഇത് അവസരം ഒരുക്കുമെന്നും ജമ്മുകശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തിരിച്ചടിയാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. അതേസമയം ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കുന്നത് തടയാന്‍ ഐക്യരാഷ്ട്ര സഭക്ക് കഴിയുമോ എന്നായിരുന്നു ഇതിന് ജസ്റ്റിസ് രാമണയുടെ മറുചോദ്യം.
ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തഹ്്‌സീന്‍ പൂനെവാലെ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതി നിരസിച്ചു. കരുതല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണം, വിഛേദിക്കപ്പെട്ട ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണം, ഗതാഗത നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളും നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തഹ്്‌സീന്‍ പൂനെവാലെ ഉന്നയിച്ചിരുന്നത്. ഹര്‍ജി ഉചിതമായ ബെഞ്ചിന് ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മുമ്പാകെ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചാണ് എന്‍.വി രാമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാതിരുന്നത്.

chandrika: