X

മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ ആക്രമണങ്ങളിലാണ് ഉത്കണ്ഠ: സുപ്രിംകോടതി

INDIAന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളിലാണ് ഉത്കണ്ഠയെന്ന് സുപ്രിംകോടതി. ഒരു സമുദായത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. സുദര്‍ശന്‍ ടിവിയുടെ യുപിഎസ്‌സി ജിഹാദ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഢ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദാന്‍ ഫറാസതിനോടായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അഭിപ്രായ പ്രകടനം. സുദര്‍ശന്‍ ടിവിയുടെ ബിന്ദാസ് ബോല്‍ ഷോ സകാത് ഫൗണ്ടേഷന്‍ ഇന്ത്യയ്ക്കു നേരെയുള്ള വിദ്വേഷ പ്രചാരണമാണ് എന്ന വാദം നിരത്തിയ വേളയിലാണ് ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.

‘ഒരു സമുദായത്തിന് എതിരെയുള്ള വിദ്വേഷ പ്രസംഗത്തിന്റെ ചേരുവകളിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. ഏതെങ്കിലും സംഘടനയ്ക്കു മേലുള്ള (സകാത് ഇന്ത്യ) ആരോപണത്തിന്മേലല്ല. സകാത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്കു മേലുള്ള ആക്രമണമാണ് ഇത് എങ്കില്‍ കോടതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനില്ല. ഈ പരിപാടിയുടെ ഒരു ഭാഗം മാത്രമാണ് സകാത് ഫൗണ്ടേഷനെതിരെ ഉള്ളത്’ – ജ. ചന്ദ്രചൂഢ് വ്യക്തമാക്കി.

ബിന്ദാസ് ബോലിലെ സെമിറ്റിക് വിരുദ്ധ പ്രസംഗം വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്ന് അഡ്വ. ഫറാസത് ചൂണ്ടിക്കാട്ടി. ഷോയിലെ ഓരോ പ്രസ്താവനയും ചാനല്‍ പ്രോഗ്രാം ചട്ടത്തിന്റെ ലംഘനമാണ് എന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, ഷോയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ടെലവിഷന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങളിലാണ് അതു വേണ്ടതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

‘ഇലക്ട്രോണിക് പ്രിന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കോടതിയുടെ മാര്‍ഗിനിര്‍ദേശങ്ങള്‍ അവരെ നിര്‍വികാരമാക്കും. ഇതേ ഉള്ളടക്കങ്ങള്‍ കൂടുതല്‍ വ്യാപ്തിയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിയന്ത്രിക്കപ്പെടാതെ കിടക്കുകകയും ചെയ്യുന്നു’ – എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജസ്റ്റിസുമാരായ ഡിവി ചന്ദ്രചൂഢ്, കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സുദര്‍ശന്‍ ടിവിയുടെ പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ച് നടത്തുന്നതാണ് പരിപാടിയെന്നും ഇതൊരു തരത്തിലും അംഗീകരിക്കാന്‍ ആകില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

Test User: