ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയ ബോഫോഴ്‌സ് കേസില്‍ വ്യവഹാരത്തിന് എന്ത് അവകാശമെന്ന് ബിജെപി നേതാവ് അജയ് അഗര്‍വാളിനോട് സുപ്രീം കോടതി. ഹിന്ദുജ സഹോദരന്മാരുടെ പേരിലുള്ള കേസുകള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഗര്‍വാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ എന്തിനാണ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതതെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലൊരാള്‍ ഇടപെടുന്നത് ക്രിമിനല്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ ഹര്‍ജി നല്‍കിയതെന്തിനെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വിസ് ആയുധ കമ്പനിയായ ബോഫോഴ്‌സിന്റെ പിരങ്കികള്‍ വാങ്ങാന്‍ 1986ലാണ് ഇന്ത്യ 1437 കോടിയുടെ കരാറില്‍ ഒപ്പിട്ടത്. ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈകൂലി നല്‍കിയെന്നു സ്വിസ് റേഡിയോ പിന്നീട് വെളിപ്പെടുത്തി. രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്്‌റോച്ചി ഈ ഇടപാടില്‍ ഇടനിലക്കാരനായി 64 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം വന്‍വിവാദം സൃഷ്ടിച്ചിരുന്നു. 1990ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ആയുധ ഇടപാടുകാരന്‍ വിന്‍ ഛദ്ദ, ഒട്ടോവിയോ ക്വത്‌റോച്ചി, പ്രതിരോധ സെക്രട്ടറി എസ്. കെ ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ബോഫോഴ്‌സ് കമ്പനി ഹിന്ദുജാ സഹോദരന്മാര്‍ എന്നിവരെ പ്രതിചേര്‍ത്തിരുന്നു.