X
    Categories: indiaNews

മുത്തലാഖ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്

ന്യൂഡല്‍ഹി: മുത്തലാഖ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പരാതിക്കാരിയായ മുസ്‌ലിം സ്ത്രീയുടെ വാദം കോടതി കേള്‍ക്കണം. മുത്തലാഖ് നിയമപ്രകാരം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മുത്തലാഖ് നിയമപ്രകാരം കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ഉത്തരവ്. പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് പോലെ മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിക്ക് നോട്ടീസ് അയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടാവും.

മുത്തലാഖ് നിയമത്തിലെ 7സി പ്രകാരം ഭര്‍ത്താവിനെതിരെ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്റെ വാദം കോടതി അംഗീകരിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: