X
    Categories: CultureNewsViews

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത് ഷാക്കുമെതിരായ പരാതിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളാണ് ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോണ്‍ഗ്രസ് എം.പി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ചന്ദ്രിക വെബ് ഡെസ്‌ക്‌: