X

കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുപൊളിച്ച് പൊലീസ്; സ്വയം അടിച്ചുപൊളിച്ചതാണെന്ന് വാദം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുതകര്‍ത്തെന്ന് റിപ്പോര്‍ട്ട്. സാംബാ പൊലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈന്റെ തലയോട്ടി പൊലീസിന്റെ മൂന്നാംമുറയില്‍ തകര്‍ന്നെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ച് രംഗത്തെത്തി.

പൊലീസ് മര്‍ദ്ദനത്തില്‍ താലിബ് ഹുസൈന്റെ തലയോട്ടി തകരുകയായിരുന്നു. ഇത് ജനാധിപത്യസമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. താലിബ് ഹുസൈന്റെ തലയില്‍ ബാന്‍ഡേജ് ചുറ്റിയിട്ടുണ്ടെങ്കിലും തലയില്‍ നിന്നും രക്തം വാരുന്നുണ്ട്. താലിബിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനും അനുവദിച്ചില്ലെന്നും സാംബ ആസ്പത്രിയില്‍ താലിബ് ചികിത്സയിലാണെന്നും ഇന്ദിര ജെയ്‌സിങ് പറഞ്ഞു.

എന്നാല്‍ താലിബ് സഹുസൈന്‍ സ്വയം തലയടിച്ച് പൊളിക്കുകയായിരുന്നുവെന്ന് സ്‌ക്രോള്‍. ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതടവുകാരന്‍ ഇതിന് സാക്ഷിയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ശേഷ് പോള്‍ വൈദ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനെ 30 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ബന്ധുകൂടിയായ താലിബ് ഒന്നര മാസം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

മുമ്പ് കഠ്‌വ പീഡനക്കേസില്‍ സമരം നടത്തിയതിന് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2018 ജനുവരി 17നാണ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്കുവേണ്ടി ബി.ജെ.പി എം.പിമര്‍ വരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചിരുന്നു.

chandrika: