കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി ഫയല്‍ ചെയ്ത അടിയന്തിരഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് കേരളാ സര്‍ക്കാരിനോടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ആക്ഷന്‍ കമ്മറ്റിയുടെ ഹര്‍ജി കേരളാ സര്‍ക്കാറിന്റെ ഹര്‍ജിയായി പരിഗണിച്ച് വിധി പ്രസ്ഥാവിക്കണമെന്ന് കേരളാ സര്‍ക്കാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടങ്കിലും പ്രത്യേകം ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സമയം അനുവദിക്കുകയായിരുന്നു. വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒരാഴ്ചക്കകം പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടേതാണ് ഉത്തരവ്. പ്രളയക്കെടുതിയിലും ചുരങ്ങള്‍ തകര്‍ന്നും വയനാട് ഒറ്റപ്പെട്ടതും ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന വയനാടിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണ്ണാടകയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതും ആക്ഷന്‍ കമ്മിറ്റി സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
രാത്രിയാത്രാവിലക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അവശ്യവസ്തുക്കളുടെ വിതരണത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. റെയില്‍, വ്യോമ, ജല ഗതാഗാത യാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത വയനാട് ജില്ലയുടെ ഏക ആശ്രയമാണ് ദേശീയ പാത 766. കഴിഞ്ഞ ജനുവരി മാസത്തില്‍ നീലഗിരി വയനാട് എന്‍.എച്ച്.ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയെ സുപ്രിം കോടതി കേസില്‍ കക്ഷിയാകാന്‍ അനുവദിക്കുകയും പ്രശ്‌ന പരിഹാരത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ആക്ഷന്‍ കമ്മറ്റിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ റിട്ട. ജസ്റ്റിസ്.പി.എന്‍.രവീന്ദ്രന്‍, പി.എസ്.സുധീര്‍ എന്നിവരാണ് ഹാജറാകുന്നത്.