X
    Categories: indiaNews

‘ആ ചാനല്‍ കാണാറില്ല, തുറക്കാറു പോലുമില്ല’; അര്‍ണബിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി

ഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിരീക്ഷണം.

ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

”അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക.” ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല ഇതെന്നും നിയമ പ്രക്രിയയുടേത് ആണെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനു വേണ്ടി ഹാജരായ അമിത് ദേശായി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ഇതില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ദേശായി വാദിച്ചു.

 

Test User: