ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ സുപ്രീം കോടതി വിലക്കി.
ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്റ്ററേറ്റിന്റെ സമന്‍സ് നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു. പി.എം.എല്‍.എ നിയമത്തിലെ 19-ാം വകുപ്പ് ഉപയോഗിച്ച് ഇ.ഡിക്ക് ആരോപണ വിധേയനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം പല ഹൈക്കോടതികളും വ്യത്യസ്ഥ രീതിയില്‍ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പി.എം.എല്‍.എ നിയമത്തിലെ 19-ാം വകുപ്പ് സംബന്ധിച്ച് 26ന് കോടതി വ്യക്തത വരുത്തും.
നേരത്തെ മാര്‍ച്ച് 20 വരെയാണ് കാര്‍ത്തിയുടെ അറസ്റ്റ് സ്‌റ്റേ ചെയ്തിരുന്നത്. കാര്‍ത്തിയുടെ ഹര്‍ജി പരിഗണിച്ച കോടതി സ്‌റ്റേ നീട്ടുകയായിരുന്നു. മാര്‍ച്ച് ആദ്യവാരം കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 9ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. വിദേശ നിക്ഷേപം സ്വീകരിക്കാനായി ഐഎന്‍എക്‌സ് മീഡിയ ടെലിവിഷന്‍ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് 3.5 കോടി രൂപ കോഴവാങ്ങിയെന്നാണ് കേസ്. പിതാവ് പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താന്‍ അനുമതി വാങ്ങിനല്‍കിയതെന്നുമാണ് ആരോപണം.
കമ്പനി ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നും കാര്‍ത്തി കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കര രാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും കാര്‍ത്തിക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.