ന്യൂഡല്‍ഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കൃത്യമായ നിയമാനുസരണം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാണ് ബീഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നത്.
‘കുട്ടികള്‍ പൗരന്‍മാരല്ലേയെന്ന്’ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം ഉള്‍പ്പെടെ, കുട്ടികള്‍ക്കെതിരായ പ്രകൃതിവിരുദ്ധ പീഡന കേസുകള്‍ ബീഹാര്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ തെറ്റ് സംഭവിച്ചതായി കോടതി വിലയിരുത്തി. പോസ്‌കോ നിയമപ്രകാരമാണ് ഈ കേസുകളെല്ലാം ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഭരണഘടനയിലെ 377ാം വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്ന് കോടതി വ്യക്തമാക്കി. ചെറിയ കുറ്റം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സെക്ഷന്‍ 377 രജിസ്റ്റര്‍ ചെയ്യാതെ എങ്ങനെയാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയെന്നും കോടതി ചോദിച്ചു.
ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അഭയകേന്ദ്ര പീഡനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
നിലവില്‍ മുസഫര്‍പൂര്‍ കേസ് മാത്രമാണ് സി.ബി.ഐക്ക് സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്.