X

മുസ്‌ലിംകള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയോ? അതു പറയാന്‍ നിങ്ങളെ അനുവദിക്കില്ല- സുപ്രിംകോടതി

ന്യൂഡല്‍ഹി: യുപിഎസ്‌സിയിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന ആരോപണം ഉന്നയിച്ച സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശം. രാജ്യത്തെ സുപ്രിം കോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്ന് പറയാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ പറയാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട് എന്ന് പറയരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇത് അനുവദിക്കില്ല- ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു.

ഐഎഎസ്, ഐപിഎസ് തസ്തികകളില്‍ മുസ്‌ലിംകള്‍ കൂടുതലായി എത്തുന്നു എന്നും അത് രാജ്യത്തിന് ഭീഷണിയാണ് എന്നുമാണ് സുദര്‍ശന്‍ ടിവി തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടിന്റെ ട്രെയ്‌ലറില്‍ പറഞ്ഞിരുന്നത്. ഇത് യുപിഎസ്‌സി ജിഹാദാണ് എന്നും ചൗഹാന്‍കെ ആരോപിച്ചിരുന്നു.

പ്രഥമ ദൃഷ്ട്യാ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ഡല്‍ഹി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സുദര്‍ശന്‍ ന്യൂസ് സുപ്രിംകോടതിയെ സമീപിച്ചത്.

 

 

 

Test User: