X

കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും കൊളീജിയം ശിപാര്‍ശ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനായി കൊളീജിയം വീണ്ടും കേന്ദ്രത്തിന് ശിപാര്‍ശ നല്‍കി.

മലയാളി കൂടിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ നേരത്തെ കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് കെ.എം ജോസഫിനെ വീണ്ടും ശിപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെടുന്ന കൊളീജിയം മെയില്‍ തീരുമാനിക്കുകയായിരുന്നു.

ജസ്റ്റിസ് കെ.എം ജോസഫിന് പുറമെ മദ്രാസ്, ഒറീസ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും കൊളീജിയം സുപ്രീം കോടതി ജഡ്ജിമാരായി ശിപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.എം ജോസഫിന്റെ പേരടങ്ങിയ ഫയല്‍ നേരത്തെ കേന്ദ്രം തിരിച്ചയച്ചിരുന്നെങ്കിലും കൊളീജിയം വീണ്ടും ശിപാര്‍ശ സമര്‍പ്പിച്ചതിനാല്‍ ഇനി ശുപാര്‍ശ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും.

കെ.എം ജോസഫിനൊപ്പം സുപ്രീം കോടതിയിലേക്ക് പരിഗണിക്കപ്പെടേണ്ട മറ്റ് ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനം ആകാത്തത് കൊണ്ടാണ് ശുപാര്‍ശ ചെയ്യല്‍ ജുലൈ വരെ നീണ്ടത്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിച്ചെങ്കിലും ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യുന്നതില്‍ യാതൊരു അപാകതയുമില്ലെന്നാണ് കൊളീജിയത്തിന്റെ തീരുമാനം.

chandrika: