ദില്ലി: നശിപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും താജമഹല്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. താജ്മഹലിന് ഇന്ത്യയുടെ സംസ്‌കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സൂപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹലിന് സമീപം മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്റെ നിര്‍മാണജോലികള്‍ തുടരുന്നതിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹര്‍ജി നിരസിച്ച്‌കൊണ്ടാണ് കോടതി താജ്മഹല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.
താജ്മഹലില്‍ നിന്നും 500 മീറ്റര്‍ അകലെ വാഹനമോടിക്കുന്നതിനുള്ള നിരോധനം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആഗ്രയില്‍ മലിനീകരണതോത് കൂടുതലാണ്. താജ്മഹല്‍ സംരക്ഷണത്തിന് പ്രത്യേകമായ പദ്ധതികള്‍ സര്‍ക്കാരിന് ഇല്ലാത്തതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.
പാര്‍ക്കിങ്ങ് സ്ഥലം ഒന്നര കിലോമീറ്റര്‍ അകലെ ആയാലെന്താ, വിദേശസഞ്ചാരികളുടെ സൌകര്യമാണ് നോക്കുന്നതെങ്കില്‍ അവര്‍ക്ക് നടക്കാനിഷ്ടമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ താജ്മഹലിനെ തള്ളുന്ന നിലപാട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിന് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ബ്രോഷര്‍ പുറത്തിറക്കിയപ്പോള്‍ താജ്മഹലിനെ ഒഴിവാക്കിയതും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിവാദത്തിലകപ്പെടുത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ വരുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നാണ് ലോകാത്ഭുതമായ താജ്മഹലിനെ സര്‍ക്കാര്‍ ഒഴിവാക്കി കൊണ്ട് ടൂറിസം മന്ത്രി റിതാ ബഹുഗുണ പുറത്തിറക്കിയ ലഘുലേഖയില്‍ യോഗി ആദിത്യനാഥ് പ്രധാനപുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രം സഹിതം ഉള്‍പ്പെടുത്തിയിരുന്നു.
താജ്്മഹല്‍ വിവാദസ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും ശിവക്ഷേത്രം നിന്നിടത്താണ് താജ്്മഹല്‍ നിര്‍മിച്ചതെന്നുമുള്ള യു.പിയിലെ ബി.ജെ.പിയുടെ ഔദ്യോഗികവക്താവ് അനില സിങ്ങിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ താജ്മഹലിന്റെ സംരക്ഷണത്തിന് പണം അനുവദിക്കാതിരുന്നതും നേരത്തേ വിവാദമായിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിരൂപമല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വാദം.