X
    Categories: CultureMoreViews

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കേസില്‍ പ്രതിയായ പേരറിവാളന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴ് പ്രതികളാണ് ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നത്. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ 27 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുകയാണ്.

പ്രതികളുടെ വധശിക്ഷ നേരത്തെ സൂപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന ചാവേറാക്രമണത്തിലാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പ്രതികരിച്ചു. ഇവരെ വിട്ടയക്കാന്‍ ഗവര്‍ണറെ സമീപിക്കണമെന്നാവശ്യപ്പെടാന്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ പറഞ്ഞു. പേരറിവാളന്റെ മോചനത്തിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കോടതിക്കകത്തും പുറത്തും പോരാട്ടത്തിലാണ് അര്‍പുതം അമ്മാള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: