X

കഠ്വ കേസിലെ സാക്ഷി താലിബ് ഹുസൈനെ മര്‍ദ്ദിച്ച സംഭവം: സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21-നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി.

അതേ സമയം, പൊലീസ് പീഡനത്തില്‍ നിന്ന് ത്വാലിബിന് സംരക്ഷണം നല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. നിയമ വിധേയമായ കസ്റ്റഡിയില്‍ കഴിയുന്ന ഒരാളുടെ കാര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്് വാദിച്ചു. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് ആണ് താലിബ് ഹുസൈന് മര്‍ദ്ദനമേറ്റ സംഭവം പുറത്തുകൊണ്ടുവന്നത്. പീഡനക്കുറ്റമാരോപിച്ച് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തലയോട്ടി തകര്‍ന്നത് താലിബ് സ്വയം ചെയ്തതാണെന്നായിരുന്നു പൊലീസ് വാദം.

chandrika: