ഡല്‍ഹി: പതിനെട്ടു മുതല്‍ 44 വയസ്സുവരെ പ്രായ പരിധിയില്‍ ഉള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കില്ലെന്ന കേന്ദ്ര നയം ഏകപക്ഷീയവും അയുക്തികവുമാണെന്ന് സുപ്രീം കോടതി. ഇതുവരെ നടത്തിയ കോവിഡ് വാക്‌സിന്‍ പര്‍ച്ചേസിന്റെ മുഴുവന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ 18-44 പ്രായ പരിധിയില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് അനിവാര്യമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ വിശകലനത്തിലൂടെ ഏതു പ്രായക്കാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നു തീരുമാനിക്കുന്നതില്‍ അപാകതയില്ല. എന്നാല്‍ 18-44 പ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് പ്രധാനം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യ രണ്ടു ഘട്ടത്തില്‍ പ്രഖ്യാപിച്ചവര്‍ക്കു മാത്രം സൗജന്യവാക്‌സിന്‍ എന്ന കേന്ദ്ര നയം പ്രഥമദൃഷ്ട്യാ സ്വേഛാപരവും അയുക്തികവുമാണ് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നീ മൂന്നു വാക്‌സിനുകളുടെയും പര്‍ച്ചേസ് വിവരങ്ങള്‍ കോടതിക്കു നല്‍കണം. വാങ്ങിയ വാക്‌സിന്റെ അളവ്, തീയതി, എപ്പോള്‍ ലഭ്യമാവും തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.