മുംബൈ: എസ്ബിഐയുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ഇന്നു രാത്രി എസ്ബിടി സേവനങ്ങള്‍ നിശ്ചലമാകും. എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനത്തെ സാരമായി ബാധിക്കും. ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ ഈ സേവനങ്ങള്‍ ലഭ്യമാവില്ല. എസ്ബിടി-എസ്ബിഐ ലയന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലയനത്തിനു പിന്നാലെ, എസ്ബിടി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കൈമാറുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കും. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ നടക്കുന്ന ഏറ്റവും വലിയ ഡാറ്റ കൈമാറ്റമാണിത്. കോര്‍പ്പറേറ്റ്, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഇടപാടുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ തന്നെ തടസ്സപ്പെടും. ഡാറ്റ കൈമാറ്റം പൂര്‍ണമാകുന്നതോടെ എസ്ബിടി ഇടപാടുകാര്‍ക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഇതോടൊപ്പം എസ്ബിഐ അടുത്തിടെ ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയെന്ന പരിഷ്‌കാരവും മറ്റു ഫീസും പഴയ എസ്ബിടി ഇടപാടുകാര്‍ക്കും ബാധകമാകും. അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്ബിടിയുമായാണ് എസ്ബിഐയുടെ ആദ്യ ഡാറ്റ കൈമാറ്റം. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് അനുബന്ധ ബാങ്കുകളുടെ ഡാറ്റ എസ്ബിഐയുമായി സംയോജിപ്പിക്കുന്നതിനാല്‍ മെയ് 27 വരെ എസ്ബിഐ ഇടപാടുകള്‍ ഇടക്കിടെ തടസ്സപ്പെടാനിടയുണ്ട്. ഈ മാസം ഒന്നു വരെ ലയനം നിലവില്‍ വന്നെങ്കിലും ഡാറ്റ കൈമാറ്റത്തോടെയാണ് എസ്ബിടി ഇടപാടുകാര്‍ എസ്ബിഐ ശൃംഖലയുടെ ഭാഗമാകുന്നത്.