ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പിഴ ചുമത്തിതുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ നിര്‍ദേശം കര്‍ശനമാക്കിയത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയുള്ള തീരുമാനം 31 കോടി നിക്ഷേപകരെ നേരിട്ട് ബാധിക്കും.
മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ 5000 രൂപ, നഗരങ്ങളില്‍ 3,000 രൂപ, സെമി അര്‍ബന്‍ മേഖലകളില്‍ 2,000 രൂപ, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കുറഞ്ഞാല്‍ ഓരോ മാസവും പിഴ ഈടാക്കാനാണ് നിര്‍ദേശം. നേരത്തെ മൂന്നു മാസത്തിലൊരിക്കലാണ് പിഴ ഈടാക്കിയിരുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ് മിനിമം ബാലന്‍സ് തുകയുടെ 50 മുതല്‍ 75 ശതമാനം വരെ കുറവാണെങ്കില്‍ 75 രൂപയായിരിക്കും പിഴ. 50 ശതമാനം വരെയാണ് കുറവെങ്കില്‍ 50 രൂപയായിരിക്കും പിഴ. കൂടാതെ ബാങ്ക് ബ്രാഞ്ചുകളില്‍നിന്ന് നേരിട്ട് നടത്താവുന്ന സൗജന്യ പണമിടപാടുകള്‍ മൂന്നു തവണയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള ഓരോ ഇടപാടിനും 20 രൂപ വീതം കമ്മീഷന്‍ നല്‍കേണ്ടി വരും.
എ.ടി.എം ഇടപാടുകള്‍ക്കുള്ള പുതുക്കിയ നിരക്കും ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് മൂന്നു തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഇടാക്കും. സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍ തവണ ഇടപാട് നടത്തിയാല്‍ ഓരോ ഇടപാടിനും 10 രൂപ വീതമാണ് അക്കൗണ്ടില്‍നിന്ന് ഈടാക്കുക. 25,000 രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് എ.ടി.എം ഉപയോഗം പൂര്‍ണമായും സൗജന്യമാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടെങ്കില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപേേയാഗിക്കുന്നതിനും സേവനനിരക്ക് ഈടാക്കില്ല. വേണ്ടത്ര ബാലന്‍സ് ഇല്ലാത്ത ആയിരക്കണക്കിന് അക്കൗണ്ടുകള്‍ എസ്.ബി.ഐക്ക് ഉണ്ടെന്നും ഇവയുടെ മെയിന്റനന്‍സ് ബാധ്യതയാവുന്നുണ്ടെന്നുമാണ് പുതിയ നടപടിയെ ന്യായീകരിക്കാന്‍ എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറയുന്നത്.