തിരുവനന്തപുരം: എസ്ബിഐയുമായി ലയിക്കുമ്പോള്‍ അടച്ചു പൂട്ടേണ്ട എസ്ബിടി ശാഖകളുടെ പട്ടിക തയാര്‍. സംസ്ഥാനത്തുടനീളം 204 ശാഖകളാണ് പൂട്ടാന്‍ ആലോചിക്കുന്നത്. പട്ടിക ഒരു മാസം മുമ്പ് തന്നെ തയാറാക്കിയിരുന്നതായാണ് വിവരം. എസ്ബിഐയുടെയും എസ്ബിടിയുടെയും ശാഖകള്‍ ഒന്നിച്ചു വരുന്ന സ്ഥലത്തെ എസ്ബിടി ശാഖകളാണ് പൂട്ടുന്നവയില്‍ കൂടുതലായുള്ളത്. ഇരു ബാങ്കുകളുടെയും തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഉന്നത നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് പൂട്ടേണ്ട ശാഖകളുടെ പട്ടിക തയാറായത്. ശാഖകളുടെ യുക്തിപൂര്‍വമായ ക്രമീകരണം എന്നാണ് ശാഖ വെട്ടിചുരുക്കലിനെ നേതൃത്വം വിശേഷിപ്പിക്കുന്നത്. ക്രമീകരണം നടത്തിയാലും ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാവില്ലെന്നാണ് ബാങ്ക് നേതൃത്വം ഉറപ്പുനല്‍കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ (വിആര്‍എസ്) പ്രഖ്യാപിച്ചതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. 55 വയസ്സോ ഇരുപത് വര്‍ഷം സര്‍വീസോ ഉള്ളവര്‍ക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് നിര്‍ദേശം. നിലവിലെ കണക്കനുസരിച്ച് 204 ശാഖകള്‍ പൂട്ടിയാല്‍ 2500 ജീവനക്കാര്‍ അധികമാകുമെന്നാണ് എസ്ബിടി എംപ്ലോയീസ് യൂണിയന്റെ വിലയിരുത്തല്‍. ഇത് നിരവധി പേരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് വെല്ലുവിളിയായേക്കും. അതേസമയം അടച്ചുപൂട്ടുന്ന ബാങ്ക് ശാഖകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസം അടിയന്തരമായി നടപ്പാക്കുമെന്നാണ് വിവരം. എസ്ബിഐ-എസ്ബിടി ലയനത്തിലൂടെ ഇടപാടുകാര്‍ക്ക് യാതൊരു വിധത്തിലുമുള്ള തടസ്സം നേരിടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലയനം: അടച്ചുപൂട്ടേണ്ട എസ്ബിടി ശാഖകളുടെ പട്ടിക തയാര്‍
Tags: sbi-sbt mergersbt