ഡല്‍ഹി: ബാങ്കിന്റെ പേരില്‍ വരുന്ന വാട്‌സ്ആപ്പ് കോളുകളെയും മെസേജുകളെയും കരുതിയിരിക്കണമെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ മറ്റൊരു തട്ടിപ്പിന് ഇരയാകേണ്ടി വരുമെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെ ഒരു വിവരവും ഉപഭോക്താവിന് ഔദ്യോഗികമായി കൈമാറുന്നില്ലെന്നും എസ്ബിഐ വിശദീകരിച്ചു.
വാട്‌സ്ആപ്പിലൂടെ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കുന്നതായുളള മുന്നറിയിപ്പാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. ഇതില്‍ ജാഗ്രത വേണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ലോട്ടറിയില്‍ വിജയിച്ചു എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ വാട്‌സ്ആപ്പിലൂടെ വിളിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെടും. ബാങ്ക് ഇത്തരത്തില്‍ ഉപഭോക്താക്കളെ ആരെയും വിളിക്കാറില്ലെന്നും ഇമെയില്‍, എസ്എംഎസ്, വാട്‌സ്ആപ്പ് കോള്‍, മൊബൈല്‍ കോള്‍ എന്നിവയിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് കൈമാറാറില്ലെന്നും അറിയിച്ചു.