X
    Categories: MoneyNews

ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എസ്ബിഐ

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്കും ബാധകമാക്കി.

വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാര്‍ വാങ്ങാന്‍ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ പലിശ നിരക്കില്‍ കാല്‍ശതമാനം കിഴിവ് നല്‍കും. 7.5ശതമാനം മുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്.

75ാംവാര്‍ഷികം പ്രമാണിച്ച് സ്വര്‍ണ പണയ വായ്പയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പലിശ ഇനത്തില്‍ മുക്കാല്‍ ശതമാനത്തിന്റെ കിഴിവാണ് പ്രഖ്യാപിച്ചത്. 7.5ശതമാനം മുതലാണ് സ്വര്‍ണ പണയ വായ്പയ്ക്ക് പലിശ ഈടാക്കുന്നത്.സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള പലിശയേക്കാള്‍ 15 ബേസിക് പോയന്റ് അധികം ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര് 14വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക.

ഭവന, കാര്‍ വായ്പ എന്നിവയ്ക്ക് പുറമേ വ്യക്തിഗത, പെന്‍ഷന്‍ വായ്പ എടുക്കുന്നവരെയും പ്രോസസിംഗ് ഫീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും.

 

Test User: