മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നു.
സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3,000 രൂപയും അര്‍ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും വേണമെന്നായിരുന്നു എസ്ബിഐ നിര്‍ദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാല്‍ അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ഈടാക്കിയിരുന്നു.