ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്‌റ്റേറ്റ് ബാങ്കില്‍ സ്ഥിരം നിക്ഷേപമുള്ളവരെ ലക്ഷ്യമിട്ട് ചിലര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായും ഇതില്‍ വീഴരുതെന്നുമാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യവിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കരുത്. ഇത്തരം വിവരങ്ങള്‍ ചോദിച്ച് ബാങ്ക് അധികൃതര്‍ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കാറില്ലെന്നും എസ്ബിഐ അറിയിച്ചു.
അടുത്തിടെ, ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. പിന്‍ നമ്പര്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബാങ്കിലെ സ്ഥിരംനിക്ഷേപകരെയാണ് ഇപ്പോള്‍ സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
ഓണ്‍ലൈന്‍ സ്ഥിരം നിക്ഷേപങ്ങള്‍ വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ സ്വകാര്യ വിവരങ്ങള്‍ ആരു ചോദിച്ചാലും കൈമാറരുതെന്ന് ബാങ്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നു.
ആദ്യം അക്കൗണ്ടുടമയുടെ പേരില്‍ ഓണ്‍ലൈന്‍ സ്ഥിരം നിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിക്കും. നെറ്റ് ബാങ്കിംഗ് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടില്‍ നിന്ന് ഏതാനും പണം അനധികൃതമായി മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറും. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് ഒടിപി ചോദിക്കും. ഒടിപി ലഭിച്ചാല്‍ സ്ഥിരംനിക്ഷേപ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും കൈമാറിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.