ഡല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജപ്പാന്റെ ജെസിബി ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ‘എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്‍ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി. ഡുവല്‍ ഇന്റര്‍ഫെയ്‌സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്‍ടാക്ട്, കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.
ജെസിബി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ആഗോളതലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയ കാര്‍ഡ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. ഇതിന് പുറമേ ഓണ്‍ലൈന്‍ ഇടപാട് നടത്താനും സാധിക്കുന്നവിധമാണ് ഇതില്‍ സാങ്കേതികവിദ്യ ഒരുക്കിയത്.
റുപേ ഓഫ്‌ലൈന്‍ വാലറ്റ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളെയും പിന്തുണയ്ക്കുന്നത് കൊണ്ട് ഇന്ത്യയില്‍ ബസിലും മെട്രോയിലും ചില്ലറ വില്‍പ്പന കടകളിലും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. രാജ്യാന്തര വിപണിയില്‍ റുപേയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതിനെ കാണാവുന്നതാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഒഒ പ്രവീണ റായ് പറഞ്ഞു.