X

24 മണിക്കൂറും ഇനി പണംപിന്‍വലിക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ

എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനത്തിന്റെ സമയക്രമം ദീര്‍ഘിപ്പിച്ചു. 24 മണിക്കൂറും ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കാന്‍ ഈ മാസം 18ാം തിയതി മുതല്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.

നേരത്തെ വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കിയിരുന്നത്. ഇത് ഇനിമുതല്‍ മുഴുവന്‍ സമയവും പ്രയോജനപ്പെടുത്താന്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.

എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താവ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എടിഎം മെഷിനിലൂടെ നല്‍കി കഴിഞ്ഞാലുടന്‍ എടിഎം സ്‌ക്രീന്‍ ഒടിപി നല്‍കാനുള്ള സ്‌ക്രീന്‍ കാണിക്കും. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കുക.

മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.

Test User: