മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷയില്ലാതെയാണെന്ന് റിപ്പോര്‍ട്ട്. ടെക്ക് ക്രഞ്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബാങ്ക് ബാലന്‍സ്, അടുത്തിടെ നടന്ന ഇടപാടുകള്‍ തുടങ്ങി ലക്ഷകണക്കിന് വരുന്ന എസ്ബിഐ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാവുന്ന രീതിയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററിലാണ് എസ്.ബി.ഐ ക്വിക്ക് എന്ന സേവനത്തിന്റെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എസ്.എം.എസ് വഴിയും മിസ്ഡ് കോള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് ഉള്‍പ്പെടെ ബാങ്കിങ് വിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനമാണ് എസ്ബിഐ ക്വിക്ക്. എന്നാല്‍ ഈ സെര്‍വറിന് പാസ്‌വേര്‍ഡ് സൗകര്യമില്ല. അതിനാല്‍ സെര്‍വറില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാനാവും. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞാണ് എസ്.ബി.ഐ ക്വിക്ക്, അതിലേക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നത്.