തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടു. ശ്രീജിത്തിന്റെ അമ്മയോടൊപ്പമാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഗവര്‍ണറെ കണ്ടെത്.
ഗവര്‍ണറുമായുള്ള കൂടികാഴ്ചയുടെ ചിത്രം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങളും, ജന.സെക്രട്ടറി പികെ ഫിറോസും തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജുകളില്‍ ഷയര്‍ ചെയ്തു.
രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച തങ്ങള്‍, ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ ഇടപെടണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതികളുടെയും വിശദാംശങ്ങളും മറ്റ് രേഖകളുമായി ബുധനാഴ്ച വീണ്ടും തന്നെ കാണാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സമരപ്പന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷമാണ് മുനവ്വറലി തങ്ങളും യൂത്ത് ലീഗ് നേതാക്കളും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ അനിയന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയേറി വരികയാണ്.
നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീജിത്തിന് നീതിതേടി ഒരു രാഷ്്ട്രീയ നേതാവ് ഗവര്‍ണറെ കാണുന്നത് ആദ്യമാണ്. നേരത്തെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.