സ്‌ട്രോസ്ബര്‍ഗ്: സ്വേച്ഛാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ചെറുക്കാനും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പുതുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യൂറോപ്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഭൂതകാലം മറന്ന് ഉറങ്ങിക്കിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ വികാര്‍നിര്‍ഭരമായ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേശീയതയും പൊങ്ങച്ചവും ആധിപത്യം പുലര്‍ത്തി ഒരു യൂറോപ്യന്‍ ആഭ്യന്തര യുദ്ധം തന്നെ ഉടലെടുത്തതു പോലെ തോന്നുന്നു. സങ്കുചിതത്വത്തിന്റെ മോഹവലയത്തിലാണ് ഇപ്പോള്‍ സമൂഹമെന്നും മക്രോണ്‍ കുറ്റപ്പെടുത്തി. യൂറോപ്യന് യൂണിയനില്‍ ദേശീയത വളര്‍ന്നുകൊണ്ടിരിക്കെ, ജനാധിപത്യത്തെ ഉത്തേജിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കഴിഞ്ഞ കാല പോരാട്ടങ്ങളില്‍നിന്ന് ആവിര്‍ഭവിച്ച അര്‍ത്ഥവത്തായ ഒരു വാക്കാണ് ജനാധിപത്യമെന്ന് മക്രോണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം തീവ്ര വലതുപക്ഷ ദേശീയ വാദിയായ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറീന്‍ ലീ പെന്നിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള പല രാജ്യങ്ങളിലും ദേശീയാവാദികള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടന്ന് സ്വന്തം ദേശീയതയുമായി മുന്നോട്ടുപോകാനാണ് അവര്‍ക്ക് താല്‍പര്യം. ഈമാസം ആദ്യത്തില്‍ ഹംഗറി പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശകനും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടര്‍ ഓര്‍ബാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരുന്നു. യൂറോപ്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ റഷ്യന്‍ സ്വാധീനം ശക്തിയാര്‍ജിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ അനുയായികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ യൂറോപ്പിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.