കോഴിക്കോട്: അധ്യാപികയായ സായി ശ്വേതയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ച അഭിഭാഷകനായ ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. സിനിമയില്‍ അഭിനയിക്കാനുളള ഓഫര്‍ സായി ശ്വേത നിരസിച്ചതിനെ തുടര്‍ന്ന് അവരെ അപമാനിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്നും അഭിഭാഷകനായ ശ്രീജിത്തിന്റെ നടപടി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുളളതാണെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയ്ക്ക് നിര്‍ദ്ദേശമേകിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അറിയിച്ചു.
അഭിനയം എന്നത് ഒരാളുടെ വ്യക്തിപരമായ താല്‍പര്യമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും മൗലികമായ അവകാശങ്ങളുടെയും ലംഘനമാണ് ശ്രീജിത്ത് പെരുമന നടത്തിയതെന്ന് കാട്ടി സായി ശ്വേത പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിക്ടേഴ്സ് ചാനലില്‍ ഒന്നാം ക്‌ളാസ് കുട്ടികള്‍ക്കുളള ഓണ്‍ലൈന്‍ ക്‌ളാസില്‍ മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ അവതരിപ്പിച്ചാണ് സായി ശ്വേത ടീച്ചര്‍ പ്രശസ്തയായത്.