സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതിനെ തുടര്‍ന്ന് അപമാനിച്ചെന്ന സായി ശ്വേത ടീച്ചറുടെ പരാതിയില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ശ്രീജിത് പെരുമന. നേരത്തെ ശ്രീജിത് പെരുമന സിനിമയില്‍ ഓഫര്‍ ചെയ്ത് സായി ശ്വേതയെ വിളിച്ചിരുന്നു. ഇത് സായി ശ്വേത നിരസിച്ചതോടെ ശ്രീജിത് പെരുമന സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതി.
എന്നാല്‍ സായി ശ്വേതയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ശ്രീജിത്ത് പെരുമന. സായി ശ്വേതയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അവരുടെ മീഡിയ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയില്‍ നിന്നുള്‍പ്പെടെ നേരിട്ട അനുഭവങ്ങളും വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് അധ്യാപികയെ അപമാനിച്ചെന്ന രീതിയില്‍ പ്രചരിക്കപ്പെടുന്നതെന്നും ശ്രീജിത്ത് പറയുന്നു.
”പരാതി നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയില്‍ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകള്‍ കെട്ടുമ്പോള്‍ സിനിമയില്‍ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികള്‍ വ്യാഖ്യാനിക്കുക.അവര്‍ക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയുന്നു. ഏറ്റവും ഒടുവിലായി ടീച്ചറുമായി സംസാരിച്ച ഫോണ്‍ കോളും ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പുറത്തു വിട്ടിട്ടുണ്ട്. ‘പെരുമന ടീച്ചറോട് മോശമായി സംസാരിച്ചു എന്ന് ഒരു മാധ്യമത്തിന് മുന്‍പില്‍ പറഞ്ഞ സ്ഥിതിക്ക്. എന്താണ് പറഞ്ഞതെന്ന് പറയാന്‍ നിര്‍ബന്ധിതമായത് കൊണ്ട് മാത്രമാണ് ഈ കോള്‍ /വാട്‌സാപ്പ് വിവരം പുറത്ത് വിടുന്നത്”, എന്ന വിശദീകരണത്തോടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടത്.
ശ്രീജിത്ത് പെരുമനയുടെ വിവാദ പോസ്റ്റില്‍ പറയുന്നത്:
”പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന സിനിമയില്‍ ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷത്തിന്റെ കാസ്റ്റിംഗ് ചര്‍ച്ച ചെയ്യവേ പെട്ടന്ന് മനസ്സില്‍ ഓടിയെത്തിയത് തങ്കു പൂച്ചേ എന്ന ഓണ്‍ലൈന്‍ ക്ലാസിലൂടെ സുപരിചതയായ ഒരു എല്‍പി സ്‌കൂള്‍ ടീച്ചറുടെ മുഖവും ആ തന്മയത്വവുമായിരുന്നു.അക്കാര്യം നിര്‍മ്മാതാവായ മിനിചേച്ചിയോടും, സംവിധായകനോടും പറയുകയും അവരുടെ താത്പര്യം കൂടെ ആയപ്പോള്‍ തുടര്‍ന്ന് ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ അടുത്ത സുഹൃത്തും ന്യുസ് 18 കോഴിക്കോട് പ്രതിനിധിയുമായ വിനീഷേട്ടനോട് സംസാരിക്കുകയും അദ്ദേഹം ടീച്ചറുടെ ഫോണ്‍ നമ്പര്‍ തരികയും ചെയ്തു.
ഇനിയാണ് ട്വിസ്റ്റ്. ലഭിച്ച വാട്‌സാപ്പ് നമ്പറില്‍ ആവശ്യം അറിയിച്ച് ഒരു സന്ദേശം അയച്ചു. പക്ഷെ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിനീഷ് കുമാര്‍ തന്ന നമ്പറില്‍ ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ട്രൂ കോളര്‍ ആപ്പ്‌ലിക്കേഷനിലൂടെ അഡ്വക്കേറ്റ് എന്ന് കണ്ടതിനാലാകാം അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. കാള്‍ വെയിറ്റിങ് എന്ന് മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ കോളുകള്‍കും മറുപടി ലഭിച്ചില്ല. ഒടുവില്‍ വൈകുന്നേരം ടീച്ചര്‍ തിരിച്ച് വിളിച്ചു. അവരുടെ ശബ്ദത്തില്‍ അപരിചിതത്വവും, വക്കീല്‍ എന്തിനാണ് വിളിക്കുന്നത് എന്ന ഭയവും ഉണ്ടായിരുന്നു. മറ്റ് പ്രശനങ്ങളൊന്നുമില്ല താങ്കള്‍ റിലാക്‌സ് ചെയ്ത ശേഷം സംസാരിച്ചാല്‍ മതി എന്ന് അറിയിച്ച ശേഷം വിളിച്ചതിനുള്ള കാരണവും, റിക്വസ്റ്റും അറിയിച്ചു. സിനിമയിലേക്കുള്ള ക്ഷണമാണെന്നും താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുവെച്ചു
എന്നാല്‍ സംഗതി പിടികിട്ടിയ ടീച്ചര്‍ ടോണ്‍ തന്നെ മാറ്റി. അതായത് അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അവരുടെ ഡേറ്റുള്‍പ്പെടെയുള്ള അഭിനയ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കമ്പനിയാണെന്നും അവര്‍ തീരുമാനിച്ചാല്‍ അഭിനയിക്കാമെന്നും ടീച്ചര്‍ അറിയിച്ചു. മാത്രവുമല്ല അവരുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ നമ്പറും തന്നു. അന്ന് രാത്രി കുത്തിയിരുന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും നമ്പര്‍ പോലും നിലവില്‍ ഇല്ലായിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ വാട്‌സാപ്പിലൂടെ ടീച്ചറെ അറിയിച്ചെങ്കിലും ഗുദാ ഗവ ! മെസേജ് വായിച്ചിട്ടും മറുപടി ഇല്ല. അതേസമയം ആ നേരത്ത് ടീച്ചറുടെ ഭര്‍ത്താവിന്റെ മെസേജ് വന്നു എന്താണ് കാര്യം എന്ന് ചോദിച്ചുകൊണ്ട്. അവരോടും ആഗമനോദ്ദേശം അറിയിച്ചു. മൂപ്പരെയും പിന്നീട് ആ പ്രദേശത്ത് കണ്ടിട്ടില്ല.
അടുത്ത ദിവസം അല്‍പം കടുത്ത പരുക്കന്‍ ഭാഷയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ ഇല്ലയോ എന്ന് പറയണം എന്ന് ടീച്ചറെ അറിയിച്ചപ്പോള്‍ വീണ്ടാമതും കമ്പനിയുടെ മറ്റൊരു നമ്പര്‍ തന്നു. ആ നമ്പറിലേക്കും ഈയുള്ളവന്‍ വിളിച്ചു. ഫോണ്‍ എടുത്തയാള്‍ അല്‍പം ഗൗരവത്തിലായിരുന്നു. കക്ഷി ഫെഫ്ക മെമ്പര്‍ ആണെന്നും ടീച്ചറുടെ എല്ലാ പ്രോഗ്രാമുകളും കക്ഷിയാണ് തീരുമാനിക്കുന്നതിനും അറിയിപ്പ്. മ്മള് മാത്രവുമല്ല സിനിമയുടെ രജിസ്‌ട്രേഷനും, എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം ഒന്നാലോചൊന്നാലോചിട്ട് പറയാമെന്ന് കക്ഷി. സ്വാഭാവികം അതാണ് അതിന്റെ രീതി എങ്കിലും സിനിമ രജിസ്‌ട്രേഷന്‍ നടത്താന്‍ കൊച്ചിയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഫിലിം ചേമ്പറില്‍ പോയപ്പോഴുണ്ടായ ചോദ്യങ്ങളേക്കാള്‍ ഫീകരമായിരുന്നു.. ടീച്ചറുടെ മീഡിയ കമ്പനിയുടെ ഇന്റര്‍വ്യൂ. അതും സ്വാഭാവികം എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാ വിവരങ്ങളും അയച്ച് നല്‍കി.മറുപടിയില്ല ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ഇപ്പൊ തത്കാലം അഭിനയിക്കുന്നില്ല അസൗകര്യമുണ്ട് എന്ന മറുപടി. അതും ഒരു വോയിസ് മെസേജായി. അതും വൈറല്‍ ടീച്ചറുടെ മീഡിയ കമ്പനി മാനേജര്‍.ശുഭം.
ഇതൊക്കെ ഇവിടെ പറഞ്ഞതെന്താണ് എന്നുവെച്ചാല്‍… മലയാള സിനിമയിലെ പല പ്രമുഖ നടീനടന്മാരെയൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെ വിളിച്ചപ്പോഴൊക്കെ ഏറെ സന്തോഷത്തോടെയും, വിനയത്തോടെയുമൊക്കെയുള്ള മറുപടിയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഒരു ഹിറ്റ് സിനിമയിലെ നായിക അഞ്ചോ ആറോ പ്രാവശ്യം തിരികെ വിളിച്ച് അവരുടെ കാര്യങ്ങള്‍ വിനയത്തോടെ സംസാരിച്ചു. അടുത്ത സിനിമയില്‍ പ്രതിഫലം നോക്കാതെ സഹകരിക്കുമെന്നും ഉറപ്പ് നല്‍കി. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വൈറല്‍ ടീച്ചറെ വിലയിരുത്തുമ്പോഴാണ് വൈറല്‍ കാലഘട്ടത്തിലെ സെലിബ്രറ്റികളെയും, മാര്‍ക്കറ്റിങ്ങുകളെയും ആത്യന്തികമായി കലയെയും നമ്മള്‍ വിലയിരുത്തേണ്ടത്. എണ്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച ഒരു നടിയെ മാറ്റിയാണ് ടീച്ചറെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് ഫേസ്ബുക്ക്/സോഷ്യല്‍ മീഡിയ വൈറലും യഥാര്‍ത്ഥ കലയെയും നമുക്ക് തിരിച്ചറിയാനാകുന്നത്. ചെലോര്‍ടെ ശരിയാകും എന്ന് പറഞ്ഞപ്പോള്‍ വൈറലായ കുട്ടിയെ പിന്തുടര്‍ന്ന് നല്ല എരിവുള്ള കാന്താരിമുളക് കുഞ്ഞിന് നല്‍കി വീഡിയോ എടുത്ത് വൈറലാകാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ നാട്ടില്‍ വൈറല്‍ ടീച്ചറുടെ പ്രതികരണത്തില്‍ ഒട്ടും അതിശയോക്തി ഉണ്ടാകേണ്ടതില്ല.
സിനിമയിലോ, സീരിയലിലോ, നാടകത്തിലോ അഭിനയിക്കണോ വേണ്ടയോ എന്നതൊക്കെ തീര്‍ത്തും വ്യക്തിപരമാണ് യാതൊരു സംശയവുമില്ല എങ്കിലും, വൈറലാകുന്ന ദിവസം വരെ ഒരു സാധാരണ എല്‍പി സ്‌കൂളില്‍ ടീച്ചറായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയുടെ ന്യുജെന്‍ മാജിക്കില്‍ വൈറലായപ്പോള്‍ പ്രഖ്യാപിച്ച സെലിബ്രറ്റി സ്റ്റാറ്റസ് ഡീലിങ്‌സ് അത്ഭുതപ്പെടുത്തി. എന്തായാലും കലയ്ക്കും, കലാകാരന്മാര്‍ക്കും അപ്പുറം വൈറലുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകരയുള്ള സമയമാണിത്. മമ്മൂക്കയും മോഹന്‍ലാലും ലൊക്കേഷനില്‍ വന്നാലും കാരവാനില്ലാതെ വൈറലുകാര്‍ ലൊക്കേഷനില്‍ എത്തില്ല എന്ന് പറഞ്ഞാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നര്‍ത്ഥം. എന്റെ അത്തിപ്പാറ വൈറല്‍ അമ്മച്ചീ അമ്മച്ചിക്ക് നല്ല നമസ്‌കാരം.എന്തായാലും ആ ടീച്ചറുടെ റോളിലേക്ക് നല്ലൊരു കാസ്റ്റിങ് നടത്തുന്നുണ്ട്. ഒന്ന് പൊളിച്ചടുക്കണം…