കൊച്ചി: യൂബര്‍ ടാക്‌സി വിളിച്ച ഗായിക സയനോര ഫിലിപ്പിനു നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ പുലര്‍ച്ചെ 3.30നാണ് സംഭവം. ടാക്‌സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടയുകയും ഡ്രൈവറെ അസഭ്യം വിളിക്കുകയും ചെയ്തതായി സയനോര ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരിച്ചു ബഹളം വെച്ചപ്പോഴാണ് തന്നെ അവര്‍ വിട്ടതെന്നും ഒറ്റക്കു യാത്ര ചെയ്ത താന്‍ സ്ത്രീയാണെന്ന പരിഗണന പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് ഇന്നലെ രാത്രി മൂന്നു മണിയോടെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഈ ദുരനുഭവം. കൊച്ചിയില്‍ എത്തിയപ്പോള്‍ യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പനമ്പള്ളി നഗറിലേക്ക് പോകാനാണ് ബുക്ക് ചെയ്തത്. ഇതുപ്രകാരം വാഹനമെത്തിയതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച തന്നെ അസഭ്യം പറഞ്ഞതായും സയനോര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താനൊരു പെണ്ണാണെന്നും രാത്രി യാത്ര ചെയ്യുമ്പോള്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് തിരിച്ച് ബഹളം വെച്ചതോടെയാണ് യാത്ര തുടരാന്‍ അനുവദിച്ചതെന്ന് ഗായിക പറയുന്നു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഓട്ടോറിക്ഷക്കാരുടെ ഗുണ്ടായിസത്തെ അതിജീവിക്കാന്‍ സാധിക്കില്ല. തിരിച്ച് ദേഷ്യപ്പെടാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വളരെ മോശം അനുഭവമായിരിക്കും നേരിടേണ്ടി വരികയെന്നും മറ്റാര്‍ക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാവാതിരിക്കാനാണ് ഫേസ്ബുക്കില്‍ കുറിക്കുന്നതെന്നും സയനോര പ്രതികരിച്ചു.
നേരത്തെ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരു യുവതിക്കും സമാനമായ രീതിയില്‍ ഓട്ടോറിക്ഷക്കാരില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു. സ്‌റ്റേഷനുള്ളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ യുവതിക്കു നേരെ ഭീഷണി മുഴക്കിയത്.
Watch Sayanora’s Fblive: